ടെഹ്‌റാന്‍: ജര്‍മന്‍- ഇറാന്‍ പൗരനെ വധിക്കാനുള്ള ഇറാന്റെ തീരുമാനത്തില്‍ ജര്‍മനിയിലും പുറത്തും പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നു. 69കാരനായ ജംഷിദ് ശര്‍മ്മദിനെയാണ് ഇറാന്‍ വധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വര്‍ഷങ്ങളായി ഇറാന്റെ തടവിലായിരുന്നു ജംഷിദ് ശര്‍മ്മദ്.
ഇറാനിയന്‍ വംശജനായ ജര്‍മ്മന്‍ പൗരനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് നിവാസിയുമായ ശര്‍മ്മദ് 2020ല്‍ യു എ ഇ വഴി യാത്ര ചെയ്യുന്നതിനിടെയാണ് ഇറാനിയന്‍ അധികൃതര്‍ പിടികൂടിയതെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പറയുന്നത്.
2008-ല്‍ ഇറാനിയന്‍ നഗരമായ ഷിറാസില്‍ 14 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മസ്ജിദ് ബോംബ് സ്ഫോടനത്തില്‍ പങ്കുവഹിച്ചതിനാണ് ശിക്ഷിക്കപ്പെട്ടത്.
2023 ഫെബ്രുവരിയില്‍ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു.
ശര്‍മദിന്റെ മകള്‍ ഗസല്‍ തന്റെ പിതാവിന്റെ മരണത്തിന്റെ തെളിവ് ആവശ്യപ്പെടുകയും അദ്ദേഹത്തോട് കാണിച്ച നടപടിയില്‍ ഇറാനിയന്‍ സര്‍ക്കാരിനെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു പോസ്റ്റില്‍ കേസിനെക്കുറിച്ച് ജര്‍മ്മനിയിലെയും യു എസിലെയും സര്‍ക്കാരുകളോട് സംസാരിക്കാന്‍ താന്‍ തയ്യാറാണെന്ന് ഗസല്‍ പറഞ്ഞു. ജംഷിദിനെ വധിച്ചതിന് തെളിവുണ്ടെങ്കില്‍ വിലയിരുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
വധിക്കപ്പെട്ടുവെങ്കില്‍ തന്റെ പിതാവിന്റെ മൃതദേഹം വിട്ടുനല്‍കണമെന്നും 'ഇസ്ലാമിക ഭരണകൂട കൊലപാതകികള്‍ക്ക് കടുത്ത ശിക്ഷ' നല്‍കണമെന്നും അവര്‍ പറഞ്ഞു.
ജംഷിദ് ശര്‍മ്മദിനെ വധിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇറാന്‍ ഭരണകൂടത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ജര്‍മ്മനി മുന്നറിയിപ്പ് നല്‍കി.
തെഹ്റാനില്‍ ഏതുതരം മനുഷ്യത്വരഹിതമായ ഭരണകൂടമാണ് ഭരണം നടത്തുന്നതെന്നും യുവാക്കള്‍ക്കെതിരെയും സ്വന്തം ജനങ്ങള്‍ക്കെതിരെയും വിദേശ പൗരന്മാര്‍ക്കെതിരെയും വധശിക്ഷ ഭരണകൂടം ഉപയോഗിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് പറഞ്ഞു. ന
പുതിയ ഇറാനിയന്‍ സര്‍ക്കാരിന് കീഴിലും ആരും സുരക്ഷിതരല്ലെന്ന വസ്തുതയ്ക്ക് അടിവരയിടുന്നതാണ് വധശിക്ഷയെന്നുംബെയര്‍ബോക്ക് പറഞ്ഞു.
ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ശര്‍മദിന്റെ വധശിക്ഷയെ അപലപിക്കുകയും വിചാരണയില്‍ ആരോപണങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ പോലും 69-കാരന് അവസരം ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.
എങ്കിലും ജര്‍മ്മന്‍, യു എസ് സര്‍ക്കാരുകള്‍ ചര്‍ച്ചകളില്‍ തന്റെ പിതാവിനെ 'ഉപേക്ഷിച്ചു' എന്ന് ഗസല്‍ ശര്‍മ്മദ് ആരോപിച്ചു. കുടുംബം അവഗണിക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.