വാഷിംഗ്ടൺ: ദോഹയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആഗോള പ്രതിഷേധം ഉയരുന്നതിനിടെ ഖത്തറിന് പൂർണ സുരക്ഷ ഉറപ്പുനൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏതെങ്കിലും രാജ്യം ഖത്തറിനെ അക്രമിച്ചാൽ യു.എസ് സൈനിക നടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുന്ന എക്‌സിക്യൂട്ടിവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു.
ഖത്തറിന് നേർക്കുള്ള ഏതൊരു സായുധ ആക്രമണത്തെയും അമേരിക്കയുടെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായി കണക്കാക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കിൽ സൈനികവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും യു.എസ് സ്വീകരിക്കുമെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.
വൈറ്റ് ഹൗസിന്റെ വെബ്‌സൈറ്റിൽ ഇന്ന് (ബുധനാഴ്ച) ലഭ്യമായ ഉത്തരവിൽ തിങ്കളാഴ്ചയാണ് (സെ്ര്രപംബർ 29) തിയതി രേഖപ്പെടുത്തിയിരിക്കുന്നത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ വാഷിംഗ്ടൺ സന്ദർശനത്തിനിടെയാണ് ഈ ഉത്തരവ് വരുന്നത്.
വാഷിംഗ്ടണിലെത്തിയ നെതന്യാഹു ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ക്ഷമാപണം നടത്തിയിരുന്നു. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായുള്ള ഫോൺ സംഭാഷണത്തിനിടെ ബിന്യമിൻ നെതന്യാഹു ക്ഷമാപണം നടത്തിയത്.
അതേസമയം, ഉത്തരവിലെ പ്രതിജ്ഞയുടെ യഥാർത്ഥ വ്യാപ്തി ഇപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സാധാരണയായി, നിയമപരമായി ബന്ധിപ്പിക്കുന്ന കരാറുകൾ അല്ലെങ്കിൽ ഉടമ്പടികൾക്ക് യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. എങ്കിലും ചിലപ്പോഴെങ്കിലും സെനറ്റിന്റെ അംഗീകാരമില്ലാതെ പ്രസിഡന്റുമാർ അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെട്ടിട്ടുമുണ്ട്.
ഖത്തറിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിനും നെതന്യാഹുവിനുമുള്ള മുന്നറിയിപ്പായി ട്രംപിന്റെ നീക്കം വിലയിരുത്തുന്നുണ്ടെങ്കിലും ഖത്തറിലെ യു.എസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാനോ മറ്റോ ആക്രമിച്ചേക്കുമെന്ന ഭീഷണിയും പുതിയ ഉത്തരവിന്റെ പിന്നിലുണ്ടെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
സമാധാന നൊബേൽ നൽകിയില്ലെങ്കിൽ അത് രാജ്യത്തിന് അപമാനം ട്രംപ്
വാഷിങ്ടൺ: സമാധാന നൊബേലിന് വേണ്ടും വീണ്ടും അവകാശവാദം ഉന്നയിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഴ് അന്താരാഷ്ട്ര സംഘർഷങ്ങൾ അവസാനിപ്പിച്ചതിന് നൊബേൽ സമ്മാനത്തിന് അർഹതയുണ്ട്. അത് നൽകിയില്ലെങ്കിൽ രാജ്യത്തിന് അപമാനമാണെന്ന് ട്രംപ് പറഞ്ഞു. ഗസ്സയിൽ സമാധാനപദ്ധതി മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം.
നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ ?. ഒരിക്കലുമില്ല. അത് അവർ അർഹതയില്ലാത്ത ഒരാൾക്ക് നൽകുമെന്ന് യു.എസ് മിലിറ്ററി ഓഫീസർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇത് രാജ്യത്തിന് കടുത്ത അപമാനമാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഒക്ടോബർ പത്തിന് സമാധാന നൊബേൽ പ്രഖ്യാപിക്കാനിരിക്കെയാണ് ഡോണൾഡ് ട്രംപ് വീണ്ടും സമ്മർദം ശക്തമാക്കിയത്.
ഇന്ത്യ പാകിസ്താൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ഡോണൾഡ് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. ഇതുകൂടാതെ പല യുദ്ധങ്ങൾ അവസാനിപ്പിച്ചത് താനാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നൊബേലിന് വേണ്ടിയുള്ള അവകാശവാദം ട്രംപ് ശക്തമാക്കിയിരുന്നു. പല രാജ്യങ്ങളും ട്രംപിന്റെ അവകാശവാദത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഇസ്രായേൽ, പാകിസ്താൻ പോലുള്ള രാജ്യങ്ങളാണ് ട്രംപിന്റെ അവകാശവാദത്തെ പിന്തുണച്ച് രംഗത്തെത്തിയത്. എന്നാൽ, ഇന്ത്യപാകിസ്താൻ യുദ്ധം അവസാനിപ്പിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി നൊബേലിന് പിന്തുണ അറിയിക്കാത്തത് ഡോണൾഡ് ട്രംപിനെ ചൊടുപ്പിച്ചിരുന്നു. തീരുവ യുദ്ധത്തിന് കാരണം ഇതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
''ഇനി ആരെങ്കിലും ഖത്തറിനെ തൊട്ടാൽ വിവരമറിയും''-താക്കീത് നൽകി ഡോണൾഡ് ട്രംപ്
