ജയിലില്‍ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കും

ജയിലില്‍ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കും




ഇസ്ലാമബാദ്: ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച പരസ്യ പ്രഖ്യാപനത്തിന് അനുമതി ലഭിച്ചാലുടന്‍ പ്രചാരണം ആരംഭിക്കുമെന്ന് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് സയ്യിദ് സുല്‍ഫി ബുഖാരി പറഞ്ഞു.

ഓക്സ്ഫോര്‍ഡ് ബിരുദധാരിയായ ഇമ്രാന്‍ ഖാന്‍ നിരവധി കേസുകളില്‍ കുറ്റം ചുമത്തപ്പെട്ട് അദിയാല ജയിലിലാണ്. 21 വര്‍ഷമായി ചാന്‍സലര്‍ പദവി വഹിച്ചിരുന്ന ടോറി പാര്‍ട്ടി ചെയര്‍മാനായിരുന്ന ലോര്‍ഡ് പാറ്റന്റെ രാജിയെത്തുടര്‍ന്നാണ് ഈ പദവിയിലേക്ക് പുതിയ ആളെ തെരഞ്ഞെടുക്കേണ്ടി വന്നത്.

ഇമ്രാന്‍ ഖാന്‍ മത്സരിക്കണമെന്നാണ് പൊതുജനത്തിന്റെ ആവശ്യമെന്നും അതിനാല്‍ അദ്ദേഹം ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്നുമാണ് ഇമ്രാന്‍ഖാന്റെ മാധ്യമ ഉപദേഷ്ടാവ് പറഞ്ഞത്. 1972 ല്‍ ഓക്സ്ഫോര്‍ഡിലെ കെബിള്‍ കോളേജില്‍ നിന്നും ഇമ്രാന്‍ ഖാന്‍ സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം എന്നിവയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നു. 2005 മുതല്‍ 2014 വരെ ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ ചാന്‍സലറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഇമ്രാന്‍ ഖാനെ കൂടാതെ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ സര്‍ ടോണി ബ്ലെയറും ബോറിസ് ജോണ്‍സണും മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികളാണ്. ഇത്തവണ ഓണ്‍ലൈനായാണ് ചാന്‍സലര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.