പാരീസ്: ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി മൂന്ന് ആഴ്ച ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ജയില്‍ മോചിതനായി. അഞ്ചുവര്‍ഷത്തേക്കാണ് സര്‍ക്കോസിയെ ശിക്ഷിച്ചിരുന്നത്.
സാര്‍ക്കോസി 2007ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്നും അനധികൃത ധനസഹായം സ്വീകരിച്ചതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 21ന് അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 70 വയസുകാരനായ മുന്‍ നേതാവിന്റെ നിയമസംഘം ഉടന്‍തന്നെ ജാമ്യത്തിനായി അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.
കോടതി അദ്ദേഹത്തിന്റെ അഭ്യര്‍ഥന അംഗീകരിച്ചതിനെ തുടര്‍ന്ന് സര്‍ക്കോസിയെ മോചിപ്പിക്കുകയായിരുന്നു. അപ്പീല്‍ വിചാരണ നടക്കുന്നതുവരെ അദ്ദേഹം ഫ്രാന്‍സിന് പുറത്തേക്ക് പോകാന്‍ പാടില്ല.
തന്റെ മുഴുവന്‍ ഊര്‍ജ്ജവും നിരപരാധിത്വം തെളിയിക്കുന്നതിനാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സത്യം ജയിക്കുമെന്നും സര്‍ക്കോസി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.
മോചിതനായ ഉടന്‍ സര്‍ക്കോസിയുടെ വാഹനം പാരീസിലെ ല സാന്റേ ജയിലില്‍ നിന്ന് പുറപ്പെട്ടതും തുടര്‍ന്ന് പടിഞ്ഞാറന്‍ പാരീസിലെ വീട്ടിലെത്തിയതുമാണ് റിപ്പോര്‍ട്ടുകള്‍.
അദ്ദേഹത്തിന്റെ അഭിഭാഷകനായ ക്രിസ്റ്റോഫ് ഇന്‍ഗ്രെയ്ന്‍ മോചനത്തെ 'മുന്നേറ്റം' എന്ന് വിശേഷിപ്പിച്ചു. അപ്പീല്‍ വിചാരണയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി പറഞ്ഞു.
സര്‍ക്കോസി മറ്റുള്ള സാക്ഷികളെയോ നീതിന്യായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയോ ബന്ധപ്പെടാന്‍ പാടില്ലെന്നതാണ് മോചനത്തിന്റെ പ്രധാന നിബന്ധന.
ജയിലില്‍ കഴിയുന്നതിനിടെ സര്‍ക്കോസിയെ സന്ദര്‍ശിച്ച നീതിന്യായമന്ത്രി ജെറാള്‍ഡ് ഡര്‍മാനിനെതിരെ 30 ഫ്രഞ്ച് അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു.
വീഡിയോ ലിങ്ക് വഴി കോടതിയോട് സംസാരിച്ച സര്‍ക്കോസി ഒറ്റപ്പെട്ട തടങ്കല്‍ അതീവ കഠിനവും ഭീകര സ്വപ്‌നവുമായിരുന്നുവെന്ന് പറഞ്ഞു. താന്‍ ഗദ്ദാഫിയോട് പണം ചോദിക്കുമെന്ന ആശയം ഒരിക്കലും ഉണ്ടായിട്ടില്ലന്നും ചെയ്തിട്ടില്ലാത്ത കാര്യം ഒരിക്കലും സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തടവുകാലത്ത് മികച്ച മാനുഷിക വികാരത്തോടെ പെരുമാറിയ ജയിലധികാരികള്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.
സര്‍ക്കോസിയുടെ ഭാര്യയും ഗായികയുമായ കാര്‍ല ബ്രൂണി സര്‍ക്കോസിയും രണ്ട് പുത്രന്മാരും വിചാരണ സമയത്ത് കോടതിയില്‍ സന്നിഹിതരായിരുന്നു.
1945ല്‍ ദേശദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നാസി സഹപ്രവര്‍ത്തകന്‍ ഫിലിപ്പ് പെറ്റൈന് ശേഷം തടവിലായ ആദ്യ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ആണ് സര്‍ക്കോസി.
ജയിലില്‍ ഒറ്റപ്പെട്ട സെല്ലില്‍ കഴിയുന്നതിനിടെ അദ്ദേഹത്തിന് ശൗചാലയം, ഷവര്‍, ചെറിയ അടുക്കള ഉപകരണങ്ങള്‍, ടി വി, ഫ്രിഡ്ജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായിരുന്നു. ദിവസം ഒരു മണിക്കൂര്‍ മാത്രം വ്യായാമത്തിന് അനുമതിയുണ്ടായിരുന്നു.
സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ സമീപ സെല്ലുകളില്‍ രണ്ടു ബോഡിഗാര്‍ഡുകളെ വിന്യസിച്ചിരുന്നതായി ആഭ്യന്തരമന്ത്രി ലോറന്‍ ന്യൂനസ് അറിയിച്ചു.
2007 മുതല്‍ 2012 വരെ ഫ്രാന്‍സ് പ്രസിഡന്റ് ആയിരുന്ന സര്‍ക്കോസി അധികാരത്തില്‍ നിന്ന് വിരമിച്ചതിനു ശേഷം നിരവധി അഴിമതി കേസുകളും അന്വേഷണങ്ങളും നേരിടുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ മറ്റൊരു കേസില്‍ ഒരു മജിസ്ട്രേറ്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കാലില്‍ ഇലക്ട്രോണിക് നിരീക്ഷണ ടാഗ് ധരിക്കേണ്ടിവന്നിരുന്നു.
