ടെല്‍ അവീവ്: യുഎന്‍ അംഗീകാരം ലഭിച്ച ഗാസ വെടിനിര്‍ത്തല്‍-സമാധാന പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാവുകയാണെന്നും രണ്ടാംഘട്ടത്തില്‍ ഹമാസ് ആയുധങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കേണ്ടതുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഈ മാസം അവസാനം വാഷിംഗ്ടണില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ അടുത്ത നടപടികള്‍ ചര്‍ച്ച ചെയ്യുമെന്ന് നെതന്യാഹു പറഞ്ഞു. ട്രംപ് മുന്നോട്ടുവച്ച ഗാസ പദ്ധതി നവംബര്‍ 17ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിലൂടെ ഔദ്യോഗികമാക്കിയിരുന്നു. 'ആദ്യഘട്ടത്തിന്റെ അവസാനത്തോട് നാം അടുത്തിരിക്കുകയാണ്. എന്നാല്‍ രണ്ടാം ഘട്ടത്തിലും അതേ ഫലം ഉറപ്പാക്കേണ്ടതുണ്ട്. അത് പ്രസിഡന്റ് ട്രംപുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,'- നെതന്യാഹു പറഞ്ഞു.
ജര്‍മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച് മെര്‍സുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. 'രണ്ടാംഘട്ടം ഇപ്പോള്‍ തന്നെ ആരംഭിക്കണം; തുടര്‍ന്ന് മൂന്നാംഘട്ടവും ആലോചിക്കണം.' മെര്‍സ് പറഞ്ഞു. ഗാസ യുദ്ധവുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനുശേഷം ഇസ്രയേലിലെത്തുന്ന ആദ്യ പ്രധാന യൂറോപ്യന്‍ രാഷ്ട്ര നേതാവാണ് മെര്‍സ്. ഫെബ്രുവരിയില്‍ ഫെഡറല്‍ തിരഞ്ഞെടുപ്പുകള്‍ ജയിച്ചതിനു പിന്നാലെ ഐസിസി വാറന്റുകള്‍ നിലനില്‍ക്കുന്നതിനിടയിലും നെതന്യാഹുവിനെ ജര്‍മനിയിലേക്ക് ക്ഷണിക്കുമെന്ന് മെര്‍സ് വ്യക്തമാക്കിയിരുന്നെങ്കിലും, നിലവില്‍ അത്തരമൊരു സന്ദര്‍ശനം പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഐസിസി വാറന്റുകള്‍ 'കെട്ടിച്ചമച്ച ആരോപണങ്ങള്‍' മാത്രമാണെന്ന് നെതന്യാഹു വിമര്‍ശിച്ചു.
നിലവിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തില്‍ ഹമാസ് ജീവനോടെ ഉണ്ടായിരുന്ന അവസാന 20 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുകയും, അതിന് പകരമായി ഇസ്രയേലിന്റെ തടവിലുണ്ടായിരുന്ന ഏകദേശം 2,000 പലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കുകയും ചെയ്തു. യുദ്ധത്തില്‍ കൊല്ലപ്പെട്ട 28 ബന്ദികളുടെ മൃതദേഹങ്ങളില്‍ ഒന്ന് ഒഴികെ ശേഷിച്ചതെല്ലാം കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇസ്രയേല്‍ സൈന്യം വെടിനിര്‍ത്തല്‍ രേഖയിലേക്ക് പിന്‍വാങ്ങിയതോടെ ഗാസ മുനമ്പിന്റെ 58 ശതമാനം പ്രദേശം ഇപ്പോഴും അവരുടെ നിയന്ത്രണത്തിലാണ്.
പദ്ധതിയുടെ മറ്റുഘട്ടങ്ങളില്‍ ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിക്കുകയും, ഇസ്രയേല്‍ സൈന്യം കൂടുതല്‍ പിന്‍വാങ്ങുകയും, ട്രംപ് അധ്യക്ഷനായ ലോകനേതാക്കള്‍ ഉള്‍പ്പെടുന്ന 'സമാധാന സമിതി'യുടെ നിയന്ത്രണത്തില്‍ അന്താരാഷ്ട്ര സ്ഥിരതാ സേന രൂപീകരിക്കുകയും ചെയ്യുന്നതാണ്. ഗാസയുടെ ദൈനംദിന ഭരണത്തിന് സാങ്കേതിക സ്വഭാവമുള്ള പലസ്തീന്‍ സമിതിക്കും പദ്ധതി വഴിയൊരുക്കുന്നുണ്ട്. ഹമാസ് ആയുധം ഉപേക്ഷിക്കേണ്ടത് നിര്‍ണായകമെന്ന് ആവര്‍ത്തിച്ച നെതന്യാഹു, 'ഹമാസ് വെടിനിര്‍ത്തല്‍ മാത്രം പാലിക്കുന്നതല്ല, ആയുധങ്ങള്‍ ഉപേക്ഷിച്ച് ഗാസയെ നിരായുധമാക്കുമെന്ന അവരുടെ പ്രതിബദ്ധതയും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം,' എന്നും പറഞ്ഞു.
ഗാസ സമാധാന കരാറിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാകുന്നു; രണ്ടാം ഘട്ടത്തില്‍ ഹമാസ് ആയുധങ്ങള്‍ താഴെവയ്ക്കണം-നെതന്യാഹു
