ഗാസയിൽ സമാധാനത്തിന് പുതിയ നിർദേശം തയാറാക്കി ഖത്തറും ഈജിപ്തും

ഗാസയിൽ സമാധാനത്തിന്  പുതിയ നിർദേശം തയാറാക്കി ഖത്തറും ഈജിപ്തും


ജറൂസലം: ഗാസയിൽ 18 മാസത്തിലേറെയായി ഇസ്രായേൽ തുടരുന്ന കനത്ത ആക്രമണം അവസാനിപ്പിക്കാൻ ഖത്തറും ഈജിപ്തും പുതിയ നിർദേശം തയാറാക്കിയതായി റിപ്പോർട്ട്. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും ജയിലിലുള്ള പാലസ്തീനികളെ വിട്ടയക്കാനും ആക്രമണം അവസാനിപ്പിക്കാനും ഇസ്രായേൽ സേനയെ പൂർണമായും ഗാസയിൽനിന്ന് പിൻവലിക്കാനുമുള്ള പദ്ധതിയാണ് ഇരുരാജ്യങ്ങളും ചേർന്ന് തയാറാക്കിയത്.

ഏഴു വർഷം വരെ നീളുന്ന സമാധാന ഉടമ്പടി നിർദേശം ചർച്ച ചെയ്യാൻ ഹമാസിന്റെ മുതിർന്ന പ്രതിനിധി സംഘം ഈജിപ്തിലെത്തും. ഹമാസ് രാഷ്ട്രീയ കൗൺസിൽ തലവൻ മുഹമ്മദ് ദർവേഷും മുഖ്യ കൂടിയാലോചന വിദഗ്ധൻ ഖലീലുൽ ഹയ്യയുമാണ് യോഗത്തിൽ പങ്കെടുക്കുക.

മുതിർന്ന പാലസ്തീൻ ഉദ്യോഗസ്ഥനാണ് പുതിയ വെടിനിർത്തൽ നിർദേശത്തെക്കുറിച്ച് ബി.ബി.സിയോട് വെളിപ്പെടുത്തിയത്. രാജ്യത്തിന്റെയും മേഖലയുടെയും താൽപര്യം പരിഗണിച്ച് ഗാസയുടെ ഭരണം മറ്റേതെങ്കിലും പാലസ്തീൻ പ്രസ്ഥാനത്തിന് കൈമാറാൻ ഹമാസ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ പാലസ്തീൻ അതോറിറ്റി അല്ലെങ്കിൽ മറ്റേതെങ്കിലും പുതിയ സമിതിക്കായിരിക്കും ഭരണം കൈമാറുകയെന്നും പാലസ്തീൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹമാസിനെ പൂർണമായും നിരായുധീകരിക്കണം എന്നതടക്കം കടുത്ത ഉപാധികളുള്ള ഇസ്രായേൽ വെടിനിർത്തൽ നിർദേശം സംഘടന തള്ളിയ സാഹചര്യത്തിലാണ് നേരത്തേ ഗാസ വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഖത്തറിന്റെയും ഈജിപ്തിന്റെയും പുതിയ നീക്കം. എന്നാൽ, പുതിയ നിർദേശത്തെ കുറിച്ച് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.

ആദ്യത്തെ ഗാസ വെടിനിർത്തൽ കരാർ കഴിഞ്ഞ മാസം അവസാനിച്ചതിനു പിന്നാലെ ഇസ്രായേൽ ആക്രമണം ശക്തമായി പുനരാരംഭിച്ചിരുന്നു. ഹമാസിനെ പൂർണമായും നശിപ്പിക്കുകയും ബന്ദികൾ മുഴുവൻ തിരിച്ചെത്തുകയും ചെയ്താൽ മാത്രമേ ഗാസ ആക്രമണം അവസാനിപ്പിക്കൂ എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. ഗാസയുടെ ഭാവി ഭരണത്തിൽ പാലസ്തീൻ അതോറിറ്റിക്ക് യാതൊരു പങ്കുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.