ലണ്ടന്‍: തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ രാജ്യത്തുടനീളമുള്ള അഭയ കേന്ദ്രങ്ങളെയും ഇമിഗ്രേഷന്‍ നിയമ സ്ഥാപനങ്ങളെയും ലക്ഷ്യം വയ്ക്കാന്‍ പദ്ധതിയിട്ടെന്ന വിവരത്തെ തുടര്‍ന്ന് മുസ്ലീം വിരുദ്ധ, കുടിയേറ്റ വിരുദ്ധ കലാപങ്ങള്‍ക്കെതിരെ കൂടുതല്‍ തയ്യാറെടുപ്പുമായി ബ്രിട്ടീഷ് പൊലീസ്.
വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ സൗത്ത്പോര്‍ട്ടില്‍ കത്തി ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ പൊട്ടിപ്പുറപ്പെട്ട അക്രമം കൂടുതല്‍ ശക്തമാവുകയാണ്. സ്‌പെഷ്യലിസ്റ്റ് ഇമിഗ്രേഷന്‍ നിയമ സ്ഥാപനങ്ങളും മൈഗ്രന്റ് സപ്പോര്‍ട്ട് സെന്ററുകളും അടച്ചതിന് പുറമേ പ്രതിഷേധം ശക്തമായ പ്രദേശങ്ങളിലെ ചില ഫാമിലി ഡോക്ടര്‍മാര്‍ തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കാനായി സേവനങ്ങള്‍ നേരത്തെ അവസാനിപ്പിക്കുമെന്ന് അറിയിച്ചു.
ഭീഷണികള്‍ക്കെതിരെ സര്‍ക്കാരും പൊലീസും ശക്തമായി പ്രതിഷേധിച്ചു.
ഓഫീസുകള്‍ ആക്രമിക്കാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിക്കുന്നതോ ഏതെങ്കിലും വിധത്തില്‍ അവരെ ഭീഷണിപ്പെടുത്തുന്നതോ അംഗീകരിക്കാനാവില്ലെന്ന് നീതിന്യായ മന്ത്രി ഷബാന മഹമൂദ് പറഞ്ഞു. 'അങ്ങനെ ചെയ്യുന്നവര്‍ നിയമത്തിന്റെ മുഴുവന്‍ ശക്തിയും നേരിടേണ്ടിവരും' എന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ജൂലൈ 4ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം തന്റെ ആദ്യ പ്രതിസന്ധിയാണ് മുന്‍ ചീഫ് പ്രോസിക്യൂട്ടറായ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ നേരിടുന്നത്. 13 വര്‍ഷത്തിനിടെ ബ്രിട്ടനില്‍ പൊട്ടിപ്പുറപ്പെട്ട ഏറ്റവും മോശമായ അക്രമമാണിത്. കലാപകാരികള്‍ക്ക് നീണ്ട ജയില്‍ ശിക്ഷകള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പാണ്് പ്രധാനമന്ത്രി നല്‍കിയത്.
കഴിഞ്ഞ ആഴ്ചയിലെ കലാപത്തില്‍ പങ്കെടുത്ത ബ്രിട്ടീഷുകാരനെ മൂന്ന് വര്‍ഷത്തേക്ക് ജയിലിലടച്ചു. മറ്റു രണ്ടുപേര്‍ക്ക് യഥാക്രമം 20, 30 മാസത്തെ തടവുശിക്ഷയും വിധിച്ചു.
പട്ടണങ്ങളിലും നഗരങ്ങളിലും നൂറുകണക്കിന് കലാപകാരികളാണ് പൊലീസുമായി ഏറ്റുമുട്ടിയത്. ആഫ്രിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും അഭയം തേടിയവരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലുകളുടെ ജനാലകള്‍ തകര്‍ത്ത അക്രമിക്കൂട്ടം 'അവരെ പുറത്താക്കൂ' എന്നാണ് ആക്രോശിച്ചത്. ആക്രമികള്‍ പള്ളികള്‍ക്ക് നേരെ കല്ലേറ് നടത്തി. തങ്ങളുടെ സമൂഹത്തിന് ഇത് ആശങ്കാജനകമായ സമയമാണെന്നും പള്ളികള്‍ക്കും മറ്റ് ഇസ്ലാമിക സ്ഥാപനങ്ങള്‍ക്കും സുരക്ഷാ ഉപദേശം നല്‍കിയിട്ടുണ്ടെന്നും മുസ്ലീം സംഘടനകള്‍ പറഞ്ഞു.
'നിരവധി മുസ്ലീങ്ങളെയും ന്യൂനപക്ഷ വംശീയ സമൂഹങ്ങളെയും ഭയപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നതെന്നാണ്' ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞത്.
കുടിയേറ്റ കേന്ദ്രങ്ങളും കുടിയേറ്റക്കാരെ സഹായിക്കുന്ന നിയമ സ്ഥാപനങ്ങളും ലക്ഷ്യമിടുന്നതായി ഓണ്‍ലൈന്‍ പോസ്റ്റുകള്‍ പറയുന്നു. ഇതിന് മറുപടിയായി, വംശീയതയ്ക്കെതിരായും ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളും രാജ്യത്തുടനീളമുള്ള പട്ടണങ്ങളിലും നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.
അക്രമം പൊട്ടിപ്പുറപ്പെടുന്നതിനെതിരെ 6,000 സ്‌പെഷ്യലിസ്റ്റ് പൊലീസ് ഓഫീസര്‍മാരുടെ 'സ്റ്റാന്‍ഡിംഗ് ആര്‍മി' എന്ന് വിളിക്കപ്പെടുന്ന സംഘത്തെ സര്‍ക്കാര്‍ ഒരുക്കി. ഏത് അശാന്തിയും നേരിടാന്‍ ഇവര്‍ക്കാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
11 വയസ്സ് പ്രായമുള്ള കുട്ടികള്‍ പോലും അക്രമാസക്തമായ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരുടെ ചെയതികള്‍ക്ക് ആജീവനാന്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പാര്‍ക്കിന്‍സണ്‍ പറഞ്ഞു.
400ലധികം പേരെ അറസ്റ്റ് ചെയ്തതായി സ്റ്റാര്‍മര്‍ പറഞ്ഞു. ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ചൊവ്വാഴ്ച 120ലധികം പേര്‍ക്കെതിരെയും ബുധനാഴ്ച 20 പേര്‍ക്കെതിരെയും കുറ്റം ചുമത്തിയതായി അറിയിച്ചു.