യഹ്യ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ കൈമാറണമെന്ന് ഹമാസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

യഹ്യ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ കൈമാറണമെന്ന് ഹമാസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്


കൊയ്‌റോ: ഈജിപ്തില്‍ നടക്കുന്ന രണ്ടാംഘട്ട ഗാസ സമാധാന ചര്‍ച്ചയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് മുന്‍ നേതാക്കളായ യഹ്യ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ കൈമാറണമെന്ന് ഹമാസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.  മുഹമ്മദ് സിന്‍വാറിന്റെ മൃതദേഹം കൈമാറണമെന്ന ആവശ്യം ഇസ്രായേല്‍ മുന്‍പ് തള്ളിയിരുന്നു. 
ഗാസയില്‍ ഹമാസ് തടവില്‍ വച്ചിരിക്കുന്ന 48 ബന്ദികളെ വിട്ടയക്കുന്നതിന് പകരമായി കൊല്ലപ്പെട്ട നേതാക്കളായ യഹ്യ, മുഹമ്മദ് സിന്‍വാര്‍ എന്നിവരുടെ മൃതദേഹങ്ങളും ജീവിച്ചിരിക്കുന്ന ഹമാസ് തടവുകാരെയും മറ്റുള്ളവരുടെ മൃതദേഹങ്ങളും ഇസ്രായേല്‍ കൈമാറണമെന്നാണ് ആവശ്യം. തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രമുഖ പലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂതിയെ മോചിപ്പിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. കരാറിന്റെ ഭാഗമായി നിരവധി പലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനും ഹമാസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കല്‍, ബന്ദികളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട കരാര്‍ എന്നിവയിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി. ഗാസയിലെ വെടിനിര്‍ത്തല്‍ നിലവില്‍ വരാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലില്‍ ചര്‍ച്ചകള്‍ ശുഭമായി അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം. ബന്ദി കൈമാറ്റ കരാര്‍ പ്രകാരം മോചിപ്പിക്കേണ്ട ഇസ്രായേല്‍ ബന്ദികളുടെയും പലസ്തീന്‍ തടവുകാരുടെയും പേരുകളുടെ പട്ടിക കൈമാറി.
ഇസ്രായേലില്‍ കടന്നുകയറി ഹമാസ് നടത്തിയ 2023 ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഹമാസ് നേതാവാണ് യഹ്യ സിന്‍വാര്‍ . കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റഫയിലെ തെല്‍ സുല്‍ത്താനില്‍ വെച്ച് യഹ്യ സിന്‍വാറിനെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) വധിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ മുഹമ്മദ് സിന്‍വാറും കൊല്ലപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ ഇളയ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. ഹമാസ് തലവനായിരുന്ന ഇസ്മായില്‍ ഹനിയയെ ഇറാനില്‍ വെച്ച് ഇസ്രായേല്‍ വധിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ തലപ്പത്തേക്ക് യഹിയ സിന്‍വാര്‍ എത്തിയത്. ഇസ്രായേല്‍ സിന്‍വാറിനെയും വധിച്ചതോടെയാണ് ഹമാസിന്റെ നേതൃത്വത്തിലേക്ക് മുഹമ്മദ് സിന്‍വാര്‍ എത്തിയത്. ഗാസയിലെ ഹമാസിന്റെ തലവനായിരുന്നു മുഹമ്മദ് സിന്‍വാര്‍. ഇസ്രായേല്‍ ആക്രമണത്തിനിടെ ഗാസയില്‍ ശേഷിച്ചിരുന്ന ഹമാസിന്റെ ഉന്നത കമാന്‍ഡര്‍മാരില്‍ ഒരാളായിരുന്നു സിന്‍വാര്‍