സമാധാന നൊബേല്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം; ട്രംപിന് ആശയ്ക്ക് വകയുണ്ടോ?

സമാധാന നൊബേല്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം; ട്രംപിന് ആശയ്ക്ക് വകയുണ്ടോ?


സ്റ്റോക്കോം: സമാധാന നൊബേല്‍ സമ്മാന വിജയിയെ അല്ലെങ്കില്‍ വെള്ളിയാഴ്ച പുരസ്‌കാര സമിതി പ്രഖ്യാപിക്കാനിരിക്കെ ആരായിരിക്കും ഈ നേട്ടത്തിനുടമയെന്ന സജീവ ചര്‍ച്ചകളിലാണ് ലോകം. ഏഴോളം ലോകരാജ്യങ്ങള്‍ തമ്മിലെ സംഘര്‍ഷങ്ങളില്‍ ഇടപെടുകയും യുദ്ധം ഒഴിവാക്കുകയും ചെയ്തു എന്ന് ആവര്‍ത്തിച്ച്  അവകാശപ്പെടുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാബേല്‍ പുരസ്‌കാരം തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടതാണ് ഇക്കുറി വിജയി ആരായിരിക്കും എന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ സജീവമാക്കുന്നത്. ട്രംപിന് പുരസ്‌കാരം ലഭിക്കുമോ? എന്ന ചോദ്യമാണ് പരക്കെ ഉയരുന്നത്. 
ഡിസംബര്‍ 10ന് നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ വച്ചാണ് നൊബേല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുക. ഡോണാള്‍ഡ് ട്രംപ് ഈ സമ്മാനം നേടാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ലോകത്ത് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമ്മാനം ആര്‍ക്ക് ലഭിക്കുമെന്നത് വലിയ ആകാംക്ഷ ഉണര്‍ത്തുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സമ്മാനം നേടാന്‍ സാധ്യതയില്ലെന്ന് അന്താരാഷ്ട്ര കാര്യങ്ങളില്‍ വിദഗ്ധനായ സ്വീഡിഷ് പ്രൊഫസര്‍ പീറ്റര്‍ വാലന്‍സ്റ്റീന്‍ അഭിപ്രായപ്പെട്ടു. ട്രംപ് പലപ്പോഴും താന്‍ പല ആഗോള പ്രശ്‌നങ്ങളും പരിഹരിച്ചതായി അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, ഈ വര്‍ഷം അദ്ദേഹത്തിന് സമ്മാനം ലഭിക്കില്ലെന്ന് പീറ്റര്‍ വാലന്‍സ്റ്റീന്‍ പറഞ്ഞു. 'ഇല്ല, ഈ വര്‍ഷം ട്രംപിന് ലഭിക്കില്ല,' അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. എന്നാല്‍ അടുത്ത വര്‍ഷം അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഒരുപക്ഷേ ലഭിച്ചേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്ത് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സമാധാന സമ്മാനം പ്രഖ്യാപിക്കുന്നത്. യുക്രെയ്ന്‍-റഷ്യ യുദ്ധം, ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം, ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍, തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം ലോകം നേരിടുന്ന പ്രശ്‌നങ്ങളാണ്. 2024 ല്‍ ലോകത്ത് യുദ്ധങ്ങളുടെ എണ്ണം റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

ഈ വര്‍ഷം നോബല്‍ സമാധാന സമ്മാനത്തിനായി ആകെ 338 വ്യക്തികളും സംഘടനകളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ലിസ്റ്റ് 50 വര്‍ഷത്തേക്ക് രഹസ്യമായി സൂക്ഷിക്കും. നിയമനിര്‍മാതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുന്‍കാല സമ്മാനാര്‍ഹര്‍, ചില അക്കാദമിക് വിദഗ്ദ്ധര്‍, നോബല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള യോഗ്യതയുണ്ട്. 2024ല്‍ ആണവ നിരായുധീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജപ്പാനിലെ അണുബോംബാക്രമണത്തില്‍ അതിജീവിച്ചവരുടെ സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോ ആണ് സമ്മാനം നേടിയത്.

ഈ വര്‍ഷം അവാര്‍ഡിന് സാധ്യതയുള്ളവര്‍

സുഡാനിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് റൂംസ്: യുദ്ധത്തിലും ഭക്ഷ്യക്ഷാമത്തിലും അകപ്പെട്ട സാധാരണക്കാരെ സഹായിക്കാന്‍ ജീവന്‍ പണയം വെക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ ഒരു ശൃംഖലയാണിത്.

യൂലിയ നവാല്‍നയ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ ഭാര്യ.

ഓഫീസ് ഫോര്‍ ഡെമോക്രാറ്റിക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ്: തെരഞ്ഞെടുപ്പ് നിരീക്ഷണം നടത്തുന്നതിലൂടെ അറിയപ്പെടുന്ന സംഘടന.

ഈ വര്‍ഷം അധികം വിവാദങ്ങള്‍ ഉണ്ടാക്കാത്ത ഒരു സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനാണ് സാധ്യതയെന്നാണ് നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സിലെ ഡയറക്ടര്‍ ഹാല്‍വാര്‍ഡ് ലീറ അഭിപ്രായപ്പെട്ടത്. മനുഷ്യാവകാശങ്ങള്‍, ജനാധിപത്യം, പത്രസ്വാതന്ത്ര്യം, സ്ത്രീകള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസിക് സമാധാന ആശയങ്ങളുമായി യോജിക്കുന്ന 'ചെറിയ' ശ്രമങ്ങള്‍ക്ക് കമ്മിറ്റി മുന്‍ഗണന നല്‍കുന്ന പ്രവണത അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോണള്‍ഡ് ട്രംപിനെ പോലുള്ള നേതാക്കള്‍ വെല്ലുവിളിക്കുന്ന ഒരു ആഗോള ക്രമത്തെ പിന്തുണയ്ക്കാന്‍ ഈ വര്‍ഷത്തെ സമാധാന സമ്മാനം കമ്മിറ്റി ഉപയോഗിച്ചേക്കാം എന്നും ചിലര്‍ സൂചിപ്പിക്കുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് , യുഎന്‍എച്ച്‌സിആര്‍ (UNHCR), യുഎന്‍ആര്‍ഡബ്ല്യുഎ (UNRWA), പലസ്തീന്‍ ദുരിതാശ്വാസ ഏജന്‍സി എന്നിവയാണ് അത്തരം സാധ്യതകളില്‍ ഉള്‍പ്പെടുന്ന ചില പേരുകള്‍.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി, അന്താരാഷ്ട്ര നീതിന്യായ കോടതി അല്ലെങ്കില്‍ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്‌സ്, റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പോലുള്ളവയ്ക്ക് സമ്മാനം നല്‍കി ആഗോള നീതിക്കോ പത്രസ്വാതന്ത്ര്യത്തിനോ കമ്മിറ്റി അംഗീകാരം നല്‍കിയേക്കാം എന്നും പറയപ്പെടുന്നു.

അതേസമയം ഡോണള്‍ഡ് ട്രംപ്, ഫ്രാന്‍സിസ് മാര്‍പാപ്പ, ഇമ്രാന്‍ ഖാന്‍, ഇലോണ്‍ മസ്‌ക്, അന്‍വര്‍ ഇബ്രാഹിം എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിലേക്ക് ഉയര്‍ത്തിക്കാട്ടപ്പെടുന്നു. പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പുമാത്രമേ ഉള്ളൂ എന്നത് പ്രതീക്ഷകളെയും അഭ്യൂഹങ്ങളെയും വര്‍ധിപ്പിക്കുന്നു.