മെഹുല്‍ ചോക്‌സിയെ കൈമാറണമെന്ന് ഇന്ത്യ

മെഹുല്‍ ചോക്‌സിയെ കൈമാറണമെന്ന് ഇന്ത്യ


ന്യൂഡല്‍ഹി: ഏപ്രില്‍ 12 ന് അറസ്റ്റിലായ വ്യവസായി മെഹുല്‍ ചോക്‌സിയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി ബെല്‍ജിയന്‍ ഫെഡറല്‍ പബ്ലിക് സര്‍വീസ് ഓഫ് ജസ്റ്റിസ് അറിയിച്ചു. ചോക്‌സിക്കെതിരായ നാടുകടത്തല്‍ നടപടികള്‍ എത്രയും വേഗം ആരംഭിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘം ബെല്‍ജിയം സന്ദര്‍ശിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

ചോക്സി നേരിടേണ്ടിവരുന്ന കൂടുതല്‍ നിയമനടപടികള്‍ക്കായി ബെല്‍ജിയന്‍ അധികൃതര്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹത്തിന് നിയമോപദേശം നല്‍കുമെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ വജ്രവ്യാപാരിയെ ബെല്‍ജിയന്‍ പോലീസ് അറസ്റ്റ് ചെയ്തതായി നേരത്തെ ചോക്സിയുടെ അഭിഭാഷകന്‍ സ്ഥിരീകരിച്ചിരുന്നു. വൈദ്യചികിത്സയ്ക്കായി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയായിരുന്നു അറസ്റ്റ്.

മെഹുല്‍ ചോക്സി കേസിലെ അടുത്ത വാദം കേള്‍ക്കലിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ചോക്‌സി ജയിലില്‍ തന്നെ തുടരുന്നതിനും കൈമാറല്‍ നടപടികള്‍ ആരംഭിക്കുന്നതിനും ഇന്ത്യന്‍ സംഘം നിയമവഴികള്‍ തേടുന്നുണ്ട്. 

ഒളിച്ചോടിയ ബിസിനസുകാരനെ കൈമാറാനുള്ള നടപടികള്‍ക്കുള്ള അപേക്ഷ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബെല്‍ജിയന്‍ കോടതി അംഗീകരിക്കുമെന്ന് ഇന്ത്യന്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12,636 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ചോക്‌സിയുടെയും അനന്തരവന്‍ നീരവ് മോദി, ഭാര്യ ആമി മോദി, സഹോദരന്‍ നിഷാല്‍ മോദി എന്നിവര്‍ക്കെതിരെയുളഅള ആരോപണം. 2018 ല്‍ ചോക്സി ഇന്ത്യയില്‍ നിന്ന് പലായനം ചെയ്ത് ആന്റിഗ്വയില്‍ പൗരത്വം നേടി.

പൗരത്വം അടിസ്ഥാനമാക്കിയുള്ള നിക്ഷേപ പദ്ധതിയിലൂടെ ആന്റിഗ്വയില്‍ താമസിച്ചിരുന്ന ചോക്സിക്ക് കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് ബെല്‍ജിയത്തില്‍ നിന്ന് എഫ് റെസിഡന്‍സി കാര്‍ഡ് നേടാന്‍ കഴിഞ്ഞു. ബെല്‍ജിയന്‍ പൗരയായ ഭാര്യ പ്രീതി ചോക്സിയുടെ ഉടമസ്ഥതയിലുള്ള രേഖകള്‍ ഉപയോഗിച്ചാണ് അദ്ദേഹത്തിന് അത് സാധിച്ചത്. 

ചോക്‌സിയുടെ അനാരോഗ്യവും കാന്‍സര്‍ ചികിത്സയിലാണെന്നതും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.