യുക്രെയ്‌നിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ വെയര്‍ഹൗസില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം

യുക്രെയ്‌നിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ വെയര്‍ഹൗസില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം


കീവ്: യുക്രെയ്‌നിലെ കീവില്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ വെയര്‍ഹൗസിനുനേരെ റഷ്യന്‍ മിസൈല്‍ ആക്രമണം നടന്നു. ഇന്ത്യയിലെ യുക്രെയ്ന്‍ എംബസിയാണ് ആക്രമണവിവരം അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കുസുമിന്റെ വെയര്‍ഹൗസിലാണ് മിസൈല്‍ പതിച്ചത്.  ഇന്ത്യന്‍ ബിസിനസുകളെ മനഃപൂര്‍വം ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് യുക്രെയ്‌ന്റെ ആരോപണം.

'' ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കുസുമിന്റെ യുക്രെയ്‌നിലെ വെയര്‍ഹൗസില്‍ ഒരു റഷ്യന്‍ മിസൈല്‍ പതിച്ചു. ഇന്ത്യയുമായി പ്രത്യേക സൗഹൃദം അവകാശപ്പെടുമ്പോള്‍ തന്നെ, മോസ്‌കോ മനഃപൂര്‍വം ഇന്ത്യന്‍ ബിസിനസുകളെ ലക്ഷ്യമിടുന്നു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള മരുന്നുകളാണ് നശിപ്പിച്ചത്.'' ഇന്ത്യയിലെ യുക്രെയ്ന്‍ എംബസി എക്‌സില്‍ കുറിച്ചു.

റഷ്യന്‍ ആക്രമണത്തില്‍ കീവിലെ ഒരു പ്രധാന ഫാര്‍മയുടെ വെയര്‍ഹൗസ് നശിപ്പിച്ചതായി യുക്രെയ്‌നിലെ യുകെ അംബാസഡര്‍ മാര്‍ട്ടിന്‍ ഹാരിസും പറഞ്ഞു. റഷ്യന്‍ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും മിസൈല്‍ അല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം റഷ്യയുടെ ഊര്‍ജ സ്ഥാപനങ്ങള്‍ക്ക് നേരെ യുക്രെയ്ന്‍ അഞ്ച് ആക്രമണങ്ങള്‍ നടത്തിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു.
ഇന്ത്യന്‍ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും യുക്രെയ്‌നിലെ ഏറ്റവും വലിയ ഫാര്‍മ സ്ഥാപനങ്ങളില്‍ ഒന്നാണ്. അടിസ്ഥാന മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനാല്‍ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ യുക്രെയ്‌നിലുടനീളം നിര്‍ണായകമാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരോ റഷ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.