ന്യൂയോര്‍ക്ക്: പലസ്തീനില്‍ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. സെനഗലാണ് 193 അംഗ ജനറല്‍ അസംബ്ലിയില്‍ പലസ്തീന്‍ വിഷയത്തില്‍ സമാധാനപരമായ ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് കരട് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ ഇന്ത്യ ഉള്‍പ്പടെ 157 അംഗങ്ങള്‍ പിന്തുണച്ചു.
അമേരിക്ക, ഇസ്രയേല്‍, അര്‍ജന്റീന, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപ്പുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങള്‍ പ്രമേയത്തിന് എതിരെ വോട്ട് ചെയ്തു. കാമറൂണ്‍, ചെക്ക് റിപ്പബ്ലിക്ക്, ഇക്വഡോര്‍, ജോര്‍ജിയ, പരാഗ്വേ, ഉക്രെയ്ന്‍, ഉറുഗ്വേ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
കിഴക്കന്‍ ജറുസലേമില്‍ ഉള്‍പ്പടെ പലസ്തീനില്‍ 1967 മുതല്‍ തുടങ്ങിയ ഇസ്രയേല്‍ അധിനിവേശം ഉടനടി അവസാനിപ്പിച്ച് പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രമേയം. പലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 2024 ജൂലൈ 19 ലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശക അഭിപ്രായത്തില്‍ പറഞ്ഞിരിക്കുന്നതുള്‍പ്പെടെ, അധിനിവേശ ശക്തി എന്ന നിലയില്‍ ഇസ്രയേലിനോട് അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള അതിന്റെ ബാധ്യതകള്‍ പൂര്‍ണമായും പാലിക്കാന്‍ പ്രമേയം ആവശ്യപ്പെട്ടു.
സൈനിക ആക്രമണങ്ങള്‍, നശീകരണം, തീവ്രവാദം, പ്രകോപനപരവും പ്രേരണയും ഉള്‍പ്പെടെയുള്ള എല്ലാ അക്രമ പ്രവര്‍ത്തനങ്ങളും ഉടനടി പൂര്‍ണമായും അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
സിറിയന്‍ ഗോലാനില്‍ നിന്നും ഇസ്രയേല്‍ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിനും ഇന്ത്യ ജനറല്‍ അസംബ്ലിയില്‍ അനുകൂലമായി വോട്ട് ചെയ്തു. ഈ പ്രമേയത്തെ 97 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ 64 പേര്‍ വിട്ടുനിന്നു. യുഎസ്എ, യുകെ, ഇസ്രയേല്‍, കാനഡ, ഓസ്ട്രേലിയ ഉള്‍പ്പടെയുള്ള എട്ട് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്താണ് വോട്ട് രേഖപ്പെടുത്തിയത്.
പലസ്തീനില്‍ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം; യുഎന്‍ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ
 
                                
                        
