കുവൈറ്റിലെയും ബഹ്റിനിലുമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം

കുവൈറ്റിലെയും ബഹ്റിനിലുമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം


ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ തുടരുന്നതിനിടെ കുവൈറ്റിലും ബഹ്‌റിനിലുമുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്റെ ആക്രമണം. ഇന്ന് പുലർച്ചെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ തങ്ങള്‍ ശക്തമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. ഇതിനു പിന്നാലെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിച്ചതായി കുവൈറ്റ് സൈന്യം വ്യക്തമാക്കി.

ഗള്‍ഫ് മേഖലയില്‍ ഉടനീളം വലിയ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. കുവൈറ്റിലേക്ക് രണ്ട് മിസൈലുകളും ബഹ്റിനിലേക്ക് മൂന്ന് മിസൈലുകളുമാണ് ഇറാൻ ഉപയോ​ഗിച്ചത്. കുവൈറ്റ് ആര്‍മി ജനറല്‍ സ്റ്റാഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധ സേന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സ്ഥിരീകരിച്ചു. പൊതുജനങ്ങള്‍ കേട്ട വന്‍ സ്‌ഫോടന ശബ്ദങ്ങളെല്ലാം തന്നെ പ്രതിരോധ സംവിധാനങ്ങള്‍ ശത്രുക്കളുടെ വ്യോമാക്രമണത്തെ തകര്‍ത്തതിന്റെ ഫലമാണെന്നും സൈന്യം വ്യക്തമാക്കി.

നിലവിലെ സാഹചര്യങ്ങള്‍ അതീവ സങ്കീര്‍ണമായതോടെ പ്രതിരോധ നടപടികളുടെ ഫലമായി ജനവാസ മേഖലകളില്‍ വീഴാന്‍ സാധ്യതയുള്ള മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങളുടെ അടുത്തേയ്‌ക്കോ ആരും പോകരുതെന്നും അവയില്‍ തൊടരുതെന്നും കുവൈറ്റ് സൈന്യം മുന്നറിയിപ്പ് നല്കി. ഇത്തരം അവശിഷ്ടങ്ങള്‍ പൊതുജന സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായേക്കാം എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.