ബ്രിട്ടണിൽ വിദ്യാർത്ഥിയെ സിഖ് വംശജൻ കുത്തിക്കൊലപ്പെടുത്തിയ സംഭവം: വംശീയ അധിക്ഷേപം വ്യാജമെന്ന് ആരോപണം

ബ്രിട്ടണിൽ വിദ്യാർത്ഥിയെ സിഖ് വംശജൻ കുത്തിക്കൊലപ്പെടുത്തിയ സംഭവം: വംശീയ അധിക്ഷേപം വ്യാജമെന്ന് ആരോപണം


സതാംപ്ടൺ: ഡിസംബറിൽ 18 വയസുള്ള ​ഹെൻ‍റി നോവാക്ക് എന്ന വിദ്യാർത്ഥി മാരകമായ രീതിയിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി ഉയർത്തിയ വംശീയ അധിക്ഷേപമുണ്ടായെന്നത് വ്യാജമെന്ന് ആരോപണം. ഇക്കാര്യത്തിൽ യു.കെ പോലീസ് പക്ഷപാതമായാണ് പ്രവർത്തിച്ചതെന്നും ആരോപണമുയർന്നിട്ടുണ്ട്. കുത്തേറ്റ് മൃതപ്രായനായ ഹെൻ‍റി നോവാക്കിനെ പോലീസ് വിലങ്ങണിയിക്കുന്നതിന്റെയും തനിക്ക് ശ്വാസമെടുക്കാനാവുന്നില്ലെന്ന് വിദ്യാർത്ഥി പറയുന്നതിന്റെയും ബോഡിക്യാം ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുതിയ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ഇതോടെ, യു.കെ പോലീസിൽ വെള്ളക്കാർക്കെതിരേ ഒരു വിഭാ​ഗം വംശീയ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് നാട്ടുകാർ ശക്തമായ പ്രതിഷേധം ആരംഭിച്ചു. 

സിഖ് വംശജനായ വിക്രം ദി​ഗ്‍വ എന്നയാളിന്റെ കുത്തേറ്റാണ് ഹെൻ‍റി നോവാക്ക് കൊല്ലപ്പെടുന്നത്. സംഭവത്തിൽ പിടിയിലായ വിക്രം ദി​ഗ്‍വ കുത്താനുള്ള കാരണമായി പറഞ്ഞത് വംശീയ അധിക്ഷേപമുണ്ടായെന്നാണെന്ന് പൊലീസ് കോടതിയെ അറിയിച്ചത്. ഇത് വ്യാജമാണെന്ന് നോവാക്കിന്റെ ബന്ധുക്കൾ കോടതിയിൽ വാദിച്ചു. തുടർന്നാണ് ബോഡിക്യാം ദൃശ്യങ്ങൾ കൈമാറിയത്. കുത്തേറ്റ് മൃതപ്രായനായിട്ടും പ്രതിയുടെ ആരോപണം അം​ഗീകരിച്ച് നോവാക്കിനെ വിലങ്ങണിയിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും രക്ഷപെടുത്താൻ ഒരു നടപടിയുമുണ്ടായില്ലെന്നും അവർ ചൂണ്ടിക്കാട്ടി. 

വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ചേരിതിരിഞ്ഞുള്ള വാദങ്ങളും പ്രതിഷേധങ്ങളും ശക്തമായിട്ടുണ്ട്. പാർലമെന്റിലും വിഷയം ചർച്ചയായി. സംഭവം വ്യക്തിപരമായ വിഷയമാണെന്നും സമുദായങ്ങൾ തമ്മിലുള്ള വിഷയമാക്കിയ സ്പർദ്ധ വർധിപ്പിക്കാൻ അനുവദിക്കില്ലെന്നും ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് പറഞ്ഞു.