ടെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ, ഇറാൻ ഇസ്രയേലിലേക്ക് വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. വടക്കൻ ഇസ്രയേൽ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇറാൻ സൈനിക വിഭാഗമായ ഐആർജിസി അറിയിച്ചു. ടെൽ അവീവ്, ഡിമോണ എന്നിവ ഉൾപ്പെടെ നിരവധി നഗരങ്ങളിൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം തടയാൻ വ്യോമ പ്രതിരോധ സംവിധാനം പ്രവർത്തിച്ചതായി ഇസ്രയേൽ അറിയിച്ചു. ജറുസലേമിൽ സ്‌ഫോടനശബ്ദം കേട്ടതായും അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്. ആളപായം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, അമേരിക്കയുമായി ചർച്ചകൾ നടക്കുകയാണെന്ന അവകാശവാദം ഇറാൻ തള്ളി. കഴിഞ്ഞ രണ്ട് ദിവസമായി ഇറാനുമായി 'ഫലപ്രദമായ ചർച്ചകൾ' നടന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിൽ ഇറാനിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തിവച്ചതായും ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് 'വ്യാജവാർത്ത' ആണെന്നും യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഘർ ഖ്വാലിബാഫ് വ്യക്തമാക്കി.
ചില രാജ്യങ്ങൾ വഴിയുള്ള പരോക്ഷ സമ്പർക്കങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന സൂചനകളുണ്ട്. പാകിസ്ഥാനിൽ നേരിട്ടുള്ള ചർച്ചകൾ നടക്കാമെന്ന റിപ്പോർട്ടുകളോട് വൈറ്റ് ഹൗസും സംശയം പ്രകടിപ്പിച്ചു. ഇത്തരം വിവരങ്ങൾ അഭ്യൂഹങ്ങളായി കാണണമെന്നും ഔദ്യോഗിക സ്ഥിരീകരണം വരുന്നതുവരെ വിശ്വസിക്കരുതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണവിലയിൽ വൻ ചാഞ്ചാട്ടം ഉണ്ടായി. യുഎസ് ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായി ട്രംപ് പ്രഖ്യാപിച്ചതോടെ വില കുത്തനെ താഴ്‌ന്നെങ്കിലും, ചർച്ചകളെക്കുറിച്ചുള്ള അവകാശവാദങ്ങൾ ഇറാൻ നിഷേധിച്ചതോടെ എണ്ണവില വീണ്ടും ഉയർന്നു. ഹോർമൂസ് കടലിടുക്ക് വഴിയുള്ള ഗതാഗത അനിശ്ചിതത്വവും വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നു.
ഇതിനിടെ ബെഞ്ചമിൻ നെതന്യാഹു ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സൈനിക നേട്ടങ്ങൾ ചർച്ചകളിലൂടെ കരാറാക്കി മാറ്റാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ ഇറാന്റെ പുതിയ ആക്രമണങ്ങൾ സമാധാന സാധ്യതകൾക്ക് തിരിച്ചടിയായിരിക്കുകയാണ്. സംഘർഷം കൂടുതൽ രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് ലോകം.
ഇസ്രയേലിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം; യുഎസ് ചർച്ചാ അവകാശവാദം തള്ളി, സംഘർഷം തുടരുന്നു
