ഇറാൻ-അമേരിക്ക ചർച്ചകൾ പാകിസ്ഥാനിലോ? അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് വൈറ്റ് ഹൗസ്

ഇറാൻ-അമേരിക്ക ചർച്ചകൾ പാകിസ്ഥാനിലോ? അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് വൈറ്റ് ഹൗസ്


വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ സമാധാന ചർച്ചകൾ പാകിസ്ഥാനിൽ നടക്കാമെന്ന റിപ്പോർട്ടുകൾ ഉയർന്നെങ്കിലും, ഔദ്യോഗിക സ്ഥിരീകരണം നൽകാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും, സൂക്ഷ്മമായ നയതന്ത്ര ചർച്ചകൾ മാധ്യമങ്ങളിലൂടെ സ്ഥിരീകരിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് വ്യക്തമാക്കി. 
ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇസ്‌ലാമാബാദിൽ ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്നും, അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, മുൻ ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നർ എന്നിവർ പങ്കെടുക്കാമെന്നുമാണ് സൂചന. ഇറാന്റെ ഭാഗത്ത് നിന്ന് പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഘർ ഖാലിബാഫ്  നേതൃത്വം നൽകുമെന്നുമാണ് റിപ്പോർട്ടുകൾ. 
ഇതിനിടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാല് ഷെരീഫ് ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് സമാധാനത്തിനായി സഹായം വാഗ്ദാനം ചെയ്തതായി അറിയിച്ചു. അതേസമയം  ഇറാൻ ചർച്ചയ്ക്ക് തയ്യാറാണെന്നും അമേരിക്കൻ പ്രതിനിധികൾ ഇറാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നുമുള്ള ഡോണൾഡ് ട്രംപിന്റെ അവകാശവാദം, ഇറാൻ തള്ളി; യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നും വ്യാജവാർത്തകളാണെന്നും ഖാലിബാഫ് പ്രതികരിച്ചു. 

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗത തടസത്തെ തുടർന്ന് ആഗോള ഇന്ധനവിതരണത്തിലും വിലയിലും ആശങ്ക ഉയർന്നിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരുന്നതുവരെ സ്ഥിതിഗതികൾ അനിശ്ചിതത്വത്തിലാണ്.