ബാഗ്ദാദ്: തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസ് നേതാവ് അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുള്ള മാകി മുസ്‌ലേ അല്‍റിഫായിയെ കൊലപ്പെടുത്തിയതായി ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍സുഡാനി അറിയിച്ചതായി എപിയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെയും സിറിയയിലെയും ഐഎസ്‌ഐഎസിന്റെ തലവനായ ഇയാളെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ ദേശീയ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് വധിച്ചത്.
ഐഎസ്‌ഐഎസിന്റെ ഡെപ്യൂട്ടി ഖലീഫയായിരുന്നു ഇയാള്‍ ഇറാഖിലെയും ലോകത്തിലെ തന്നെയും ഏറ്റവും അപകടം പിടിച്ച തീവ്രവാദിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് മുഹമ്മദ് ഷിയ അല്‍സുഡാനി സോഷ്യല്‍ മീഡിയ മാധ്യമമായ എക്‌സില്‍ പോസ്റ്റിട്ടിട്ടുണ്ട്. 'ഇരുട്ടിന്റെയും ഭീകരതയുടെയും ശക്തികള്‍ക്കെതിരെ ഇറാഖികള്‍ അവരുടെ ശ്രദ്ധേയമായ വിജയങ്ങള്‍ തുടരുന്നു' എന്നാണ് തന്റെ എക്‌സ് പ്രസ്താവനയില്‍ അദ്ദേഹം പറയുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 'ഐഎസ്‌ഐഎസിന്റെ ഇറാഖിലെ ഒളിച്ചോടിയ നേതാവ് ഇന്ന് കൊല്ലപ്പെട്ടു. ഇറാഖി സര്‍ക്കാരുമായും കുര്‍ദിഷ് പ്രാദേശിക സര്‍ക്കാരുമായും ഏകോപനത്തോടെ നമ്മുടെ ധീരരായ യുദ്ധപോരാളികള്‍ അയാളെ നിരന്തരം വേട്ടയാടി' ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ വെള്ളിയാഴ്ച ട്രംപ് കുറിച്ചു.
പടിഞ്ഞാറന്‍ ഇറാഖി പ്രവിശ്യയായ അന്‍ബാറില്‍ വ്യോമാക്രമണത്തിലൂടെയാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ഓപ്പറേഷന്‍ നടന്നതെന്നും അല്‍റിഫായിയുടെ മരണം സ്ഥിരീകരിക്കുന്നത് വെള്ളിയാഴ്ചയാണെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് ഇവര്‍ സംസാരിച്ചതെന്ന് പ്രസ്തു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം സിറിയയിലെ ഉന്നത നയതന്ത്രജ്ഞന്റെ ഇറാഖിലേക്കുള്ള ആദ്യ സന്ദര്‍ശനത്തിന്റെ അതേ ദിവസമാണ് ഈ പ്രഖ്യാപനമെന്നതും ശ്രദ്ധേയം. ഐഎസ്‌ഐഎസിനെതിരെ പോരാടുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.
ഐസിസ് നേതാവ് അബു ഖദീജയെ കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ച് ഇറാഖ് പ്രധാനമന്ത്രി
