ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഗാധമായ ഖേദമറിയിച്ച് ഇസ്രായേല്‍; അന്വേഷണം നടത്തും

ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഗാധമായ ഖേദമറിയിച്ച് ഇസ്രായേല്‍; അന്വേഷണം നടത്തും


ടെല്‍ അവീവ്: ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഖേദമറിയിച്ച്  ഇസ്രായേല്‍.

'ഗാസയിലെ ഹോളി ഫാമിലി പള്ളിയില്‍ ഒരു വഴിതെറ്റിയ വെടിയുണ്ട പതിച്ചതില്‍ ഇസ്രായേല്‍ അഗാധമായി ഖേദിക്കുന്നു. നഷ്ടപ്പെടുന്ന ഓരോ നിരപരാധിയുടെ ജീവനും ഒരു ദുരന്തമാണ്' എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.

'സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ അന്വേഷിക്കുകയും സാധാരണക്കാരെയും പുണ്യസ്ഥലങ്ങളെയും സംരക്ഷിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന്' എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

പള്ളിക്കുനേരെയുണ്ടായ ആക്രമണ സംഭവം ഒരു 'പിഴവായിരുന്നു' എന്ന് നെതന്യാഹു ഒരു ഫോണ്‍ സംഭാഷണത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോട് പറഞ്ഞതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യാഴാഴ്ച നടന്ന ഒരു ബ്രീഫിംഗില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തെക്കുറിച്ചുള്ള ട്രംപിന്റെ വീക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ഒരു നല്ല പ്രതികരണമല്ല' എന്നാണ്‌ലീവിറ്റ് അതിനെ  വിശേഷിപ്പിച്ചത്. പള്ളിക്ക് നേരെയുണ്ടായ നേരിട്ടുള്ള ആക്രമണം ഒരു 'തെറ്റായിരുന്നു' എന്ന് നെതന്യാഹു സമ്മതിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വെളിപ്പെടുത്തി.

'ഗാസയിലെ ആ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് സംസാരിക്കാന്‍ ട്രംപ് വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിക്കുകയായിരുന്നുവെന്ന് ലീവിറ്റ് പറഞ്ഞു.

 'ആ കത്തോലിക്കാ സഭയെ ആക്രമിച്ചത് ഇസ്രായേല്‍ സൈന്യത്തിനുണ്ടായ ഒരു പിഴവാണെന്ന്  ഒരു പ്രസ്താവന ഇറക്കാന്‍ പ്രധാനമന്ത്രി സമ്മതിച്ചു. അക്കാര്യമാണ് നെതന്യാഹു പ്രസിഡന്റ് ട്രംപിനെ അറിയിച്ചത്.'

ഗാസയിലെ ഏക കത്തോലിക്കദേവാലയമായഹോളി ഫാമിലി ചര്‍ച്ച് ആണ് ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തത്. രണ്ടുപേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു.

പലസ്തീനിലെ സ്ഥിതി അന്തരിച്ച പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയെ അറിയിച്ചുകൊണ്ടിരുന്ന ഇടവക വികാരി ഫാ. ഗബ്രിയേലെറോമനെല്ലിയുടെ കാലിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പോപ് ലിയോ മാര്‍പാപ്പ ആക്രമണത്തെ അപലപിച്ചു. ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതായി ഇസ്രായേല്‍ പ്രതിരോധസേന വ്യക്തമാക്കി. ചര്‍ച്ച് തകര്‍ക്കപ്പെട്ടതില്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയംഖേദം പ്രകടിപ്പിച്ചു. ഗാസയില്‍ ആയിരത്തോളം ക്രൈസ്തവരുണ്ട്.

പലസ്തീനിലെ മുസ്‌ലിംകളുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്നവരുമാണ് അവര്‍. 24 മണിക്കൂറിനിടെ 29പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതോടെ ഗാസയില്‍ ആകെ കൊല്ലപ്പെട്ട പലസ്തീനികള്‍ 58,573 ആയി. 1,39,607പേര്‍ക്ക് പരിക്കേറ്റു. ഖത്തറില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. ഹമാസിന്റെ ചെറുത്തുനില്‍പില്‍ ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെടുന്ന വാര്‍ത്തകളും വരുന്നുണ്ട്.