ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് സമര്‍പ്പിച്ചു. തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി നേതാവായ ആന്‍ഡി ബേണ്‍ഹാമിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാജാവ് ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജിക്കത്ത് സമര്‍പ്പിക്കാന്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് പോകുന്നതിന് മുമ്പ് 10 ഡൗണിങ് സ്ട്രീറ്റിന് മുന്നില്‍ നടത്തിയ അവസാന പ്രസംഗത്തില്‍ സ്റ്റാര്‍മര്‍, 'എന്റെ ദൗത്യം പൂര്‍ത്തിയായി' എന്ന് പ്രഖ്യാപിച്ചു.
2019-ലെ ചരിത്രപരമായ തോല്‍വിക്കുശേഷം ആറര വര്‍ഷത്തിനിടെ പാര്‍ട്ടിയെ പുനര്‍നിര്‍മിക്കുകയും രാജ്യത്തെ നയിക്കാന്‍ പ്രാപ്തമാക്കുകയും 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷ വിജയം നേടിക്കൊടുക്കുകയും ചെയ്തുവെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു.
ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നുവെന്നും രണ്ട് വര്‍ഷം മുമ്പുണ്ടായിരുന്നതിനെക്കാള്‍ ശക്തവും കൂടുതല്‍ നീതിപൂര്‍വവുമായ രാജ്യമായി ബ്രിട്ടന്‍ മാറിയെന്ന വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍മര്‍ ജൂണ്‍ 22-നാണ് ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷത്തില്‍ താഴെ മാത്രമാണ് അദ്ദേഹം പ്രധാനമന്ത്രിയായി തുടര്‍ന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സ്ഥാനമൊഴിയുന്ന ഏഴാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് സ്റ്റാര്‍മര്‍.
പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും അത് സന്തോഷപൂര്‍വം സ്വീകരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് ഞാന്‍ രാജിവെക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
2024 ജൂലൈയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ വന്‍ വിജയത്തിലേക്ക് നയിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി, ജനപ്രീതി നഷ്ടപ്പെടുത്തിയ ക്ഷേമപദ്ധതി വെട്ടിക്കുറയ്ക്കലുകള്‍, പീറ്റര്‍ മാന്‍ഡല്‍സന്റെ നിയമനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം എന്നിവയാണ് അദ്ദേഹത്തിന്റെ ജനപ്രീതി കുറയാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി പീറ്റര്‍ മാന്‍ഡല്‍സനെ നിയമിച്ചതും സ്റ്റാര്‍മറിന് തിരിച്ചടിയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരിച്ച ധനകാര്യ പ്രവര്‍ത്തകന്‍ ജെഫ്രി എപ്സ്റ്റീനുമായുള്ള മാന്‍ഡല്‍സന്റെ ബന്ധം സംബന്ധിച്ച ആരോപണങ്ങള്‍ വിവാദമായതായും 2025 സെപ്റ്റംബറില്‍ പുറത്തുവന്ന എപ്സ്റ്റീന്‍ രേഖകള്‍ക്ക് പിന്നാലെ ആ ബന്ധം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
