ജെറുസലേം: ഇറാനും സഖ്യകക്ഷികള്‍ക്കുമെതിരായ ആക്രമണങ്ങളില്‍ 'തകര്‍പ്പന്‍ പ്രതികരണം' നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനേയി ശനിയാഴ്ച ഇസ്രായേലിനെയും യു എസിനെയും ഭീഷണിപ്പെടുത്തി.
ഒക്ടോബര്‍ 26ന് ഇറാനില്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രയേലിനെതിരെ മറ്റൊരു ആക്രമണം നടത്തുമെന്നാണ് ഖംനേയി മുന്നറിയിപ്പ് നല്‍കിയത്.
ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രയേലിലേക്ക് 200 ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച ആക്രമണത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ പ്രതികാര ആക്രമണം നടത്തിയത്. വെസ്റ്റ് ബാങ്കില്‍ ഒരു ഫലസ്തീനിയെ കൊലപ്പെടുത്തുകയും ചെയ്തു.
ഗാസ മുനമ്പിലെ ഇസ്രായേല്‍- ഹമാസ് യുദ്ധവും ലെബനനിലെ ഇസ്രയേലിന്റെ ഗ്രൗണ്ട് ഓപ്പറേഷനും യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മിഡില്‍ ഈസ്റ്റില്‍ കടുത്തേക്കാം.
''ശത്രുക്കള്‍, സയണിസ്റ്റ് ഭരണകൂടമോ അമേരിക്കയോ ആകട്ടെ, അവര്‍ ഇറാനോടും പ്രതിരോധ മുന്നണിയോടും ചെയ്യുന്ന കാര്യങ്ങളില്‍ തീര്‍ച്ചയായും തകര്‍പ്പന്‍ പ്രതികരണം ലഭിക്കും,'' ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട വീഡിയോയില്‍ ഖംനേയി പറഞ്ഞു.
എന്നാല്‍ ആക്രമണം നടത്തിയേക്കാവുന്ന സമയത്തെക്കുറിച്ചോ വ്യാപ്തിയെക്കുറിച്ചോ പരമോന്നത നേതാവ് വിശദീകരിച്ചിട്ടില്ല.
യു എസ് സൈന്യം മിഡില്‍ ഈസ്റ്റില്‍ ഉടനീളം പ്രവര്‍ത്തിക്കുകയും ചില സൈനികര്‍ ഇസ്രായേലിലെ ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് ബാറ്ററി കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പല്‍ അറബിക്കടലിലാണ്. ഇറാനെ തടയാന്‍ കൂടുതല്‍ ഡിസ്‌ട്രോയറുകള്‍, ഫൈറ്റര്‍ സ്‌ക്വാഡ്രണുകള്‍, ടാങ്കറുകള്‍, ബി-52 ലോംഗ് റേഞ്ച് ബോംബറുകള്‍ എന്നിവ ഈ മേഖലയിലേക്ക് വരുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു.
85-കാരനായ ഖംനേയി നേരത്തെയുള്ള പരാമര്‍ശങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിച്ചിരുന്നു. ഇസ്രായേലിന്റെ ആക്രമണം 'അതിശയോക്തമാക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യരുത്'' എന്നും പറഞ്ഞു.
അസോസിയേറ്റഡ് പ്രസ് വിശകലനം ചെയ്ത സാറ്റലൈറ്റ് ഫോട്ടോകള്‍, രാജ്യത്തിന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട ടെഹ്റാനടുത്തുള്ള സൈനിക താവളങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായും ഉപഗ്രഹ വിക്ഷേപണങ്ങളില്‍ ഉപയോഗിക്കുന്ന റെവല്യൂഷണറി ഗാര്‍ഡ് ബേസിന് കേടുപാടുകള്‍ സംഭവിച്ചതായും കാണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആക്രമണത്തെ കുറച്ചുകാണാനുള്ള ഇറാന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു.
തങ്ങളെ സൈനികമായി പിന്തുണയ്ക്കാന്‍ ഇറാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ഹിസ്ബുള്ളയും ഹമാസും ആഗ്രഹിക്കുന്നുവെന്ന് ചില വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു.
ഇസ്രായേല്‍ ലക്ഷ്യമിടാന്‍ ആവശ്യമായ ബാലിസ്റ്റിക് മിസൈലുകള്‍ നിയന്ത്രിക്കുന്ന ഇറാന്റെ അര്‍ധസൈനിക റെവല്യൂഷണറി ഗാര്‍ഡിന്റെ വക്താവ് ജനറല്‍ മുഹമ്മദ് അലി നൈനി ഖംനേയിയുടെ പ്രസ്താവനകള്‍ പുറത്തുവരുന്നതിന് തൊട്ടുമുമ്പ് അര്‍ധഔദ്യോഗിക ഫാര്‍സ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇറാന്റെ പ്രതികരണം 'ബുദ്ധിമാനും ശക്തവും ശത്രുവിന് മനസ്സിലാക്കാന്‍ കഴിയാത്തതും ആയിരിക്കും' എന്ന് മുന്നറിയിപ്പ് നല്‍കുന്നു.
'സയണിസ്റ്റ് ഭരണകൂടത്തിന്റെ നേതാക്കള്‍ അവരുടെ കിടപ്പുമുറികളുടെ ജനാലകളില്‍ നിന്ന് നോക്കുകയും അവരുടെ ചെറിയ പ്രദേശത്തിനുള്ളില്‍ തങ്ങളുടെ ക്രിമിനല്‍ പൈലറ്റുമാരെ സംരക്ഷിക്കുകയും വേണം' എന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.
ഇറാന്‍ വളരെക്കാലമായി ഇസ്രായേലിനെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ജൂത രാഷ്ട്രത്തെ തുടച്ചുനീക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
1978 നവംബര്‍ 4ന് ടെഹ്റാന്‍ സര്‍വകലാശാലയില്‍ ഷായുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ ഇറാന്‍ പട്ടാളക്കാര്‍ വെടിയുതിര്‍ത്ത സംഭവത്തെ അനുസ്മരിക്കുന്ന വിദ്യാര്‍ഥി ദിനം ആചരിക്കാന്‍ ഖംനേയി ശനിയാഴ്ച സര്‍വകലാശാല വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി.