ഹാരി പോട്ടര്‍ സീരിസിലെ പ്രൊഫസര്‍ മിനര്‍വ മക്ഗൊനാഗലിനെ അനശ്വരയാക്കിയ മാഗി സ്മിത്ത് അന്തരിച്ചു

ഹാരി പോട്ടര്‍ സീരിസിലെ പ്രൊഫസര്‍ മിനര്‍വ മക്ഗൊനാഗലിനെ അനശ്വരയാക്കിയ മാഗി സ്മിത്ത് അന്തരിച്ചു


ലണ്ടന്‍: ഹാരി പോട്ടര്‍ സീരിസിലെ പ്രൊഫസര്‍ മിനര്‍വ മക്ഗൊനാഗല്‍ എന്ന റോളിലൂടെ പ്രശസ്തയായ നടിയും ഓസ്‌കര്‍ ജേതാവുമായ മാഗി സ്മിത്ത് (89) ലണ്ടനില്‍ അന്തരിച്ചു. മാഗി സ്മിത്തിന്റെ മക്കളായ ക്രിസ് ലാര്‍ക്കിനും ടോബി സ്റ്റീഫന്‍സുമാണ് മരണ വിവരം പുറം ലോകത്തെ അറിയിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ലണ്ടനിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു താരം.

ഹാരി പോട്ടര്‍ സീരിസിലെ പ്രൊഫസര്‍ മിനര്‍വ മക്ഗൊനാഗല്‍ എന്ന റോളിലൂടെയാണ് നടി ശ്രദ്ധേയയായത്. 2001 മുതല്‍ 2011 വരെ പുറത്തിറങ്ങിയ എല്ലാ ഹാരി പോട്ടര്‍ സീരീസുകളിലും താരം അഭിനയിച്ചിരുന്നു. ബ്രിട്ടീഷ് ചരിത്ര ടെലിവിഷന്‍ പരമ്പരയായ 'ഡൗണ്ടണ്‍ ആബി'യിലെ ഡോവേജര്‍ കൗണ്ടസ് ഓഫ് ഗ്രാന്ഥം എന്ന കഥാപാത്രവും ശ്രദ്ധേയമായി.

ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയ ജീവിതത്തില്‍ രണ്ട് ഓസ്‌കര്‍ അവാര്‍ഡും നാല് എമ്മി അവാര്‍ഡുകളുമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും സ്മിത്തിന്റെ സ്വന്തമായുണ്ട്. ദ് പ്രൈം ഓഫ് മിസ് ജീന്‍ ബ്രോഡി (1969) എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാഗി സ്മിത്തിന് മികച്ച നടിക്കുള്ള ആദ്യ ഓസ്‌കര്‍ ലഭിച്ചത്. കാലിഫോര്‍ണിയ സ്യൂട്ട് (1978) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടിക്കുള്ള രണ്ടാമത്തെ ഓസ്‌കര്‍ അവാര്‍ഡും സ്മിത്തിനെ തേടിയെത്തി.