ഇറാനില്‍ നിന്ന് മിസൈല്‍ ആക്രമണം; ശക്തമായ തിരിച്ചടിക്ക് ഇസ്രായേല്‍ മുന്നറിയിപ്പ്

ഇറാനില്‍ നിന്ന് മിസൈല്‍ ആക്രമണം; ശക്തമായ തിരിച്ചടിക്ക് ഇസ്രായേല്‍ മുന്നറിയിപ്പ്


തെല്‍ അവീവ്: ഇറാനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകളുടെ മൂന്ന് ഘട്ട ആക്രമണങ്ങള്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടഞ്ഞതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഏപ്രില്‍ ആദ്യത്തിന് ശേഷം ഇറാന്‍ നേരിട്ട് ഇസ്രയേലിനെ ലക്ഷ്യമിട്ട് നടത്തുന്ന ആദ്യത്തെ വലിയ മിസൈല്‍ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയുമായി പോരാട്ടം തുടരുന്ന സാഹചര്യത്തില്‍, ലെബനന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ നടത്തിയ മാരക ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ മിസൈല്‍ നീക്കം.

ഇറാനുമായുള്ള യുദ്ധം അവസാനിക്കുന്നതുവരെ മധ്യപൂര്‍വദേശത്തുനിന്ന് അമേരിക്കന്‍ സൈനികരെ പിന്‍വലിക്കാന്‍ പദ്ധതിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കി.

എന്‍ ബി സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാന്റെ ആണവ വസ്തുക്കളുടെ ശേഖരം പിടിച്ചെടുക്കുന്നതിനായി അമേരിക്കന്‍ സൈന്യത്തെ അയയ്ക്കുന്നതും പരിഗണനയിലുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ആണവ സാമഗ്രികള്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തെഹ്‌റാനുമായി ധാരണയിലെത്താനാണ് താന്‍ കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കാതിരിക്കുന്നതിന്റെ പ്രധാന കാരണം വാഷിങ്ടണിന്റെ മാറിമാറിയുള്ളതും പരസ്പരവിരുദ്ധവുമായ നിലപാടുകളാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ആരോപിച്ചു.

തെഹ്‌റാനില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, ചര്‍ച്ചകളില്‍ അമേരിക്ക സ്ഥിരതയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് ചര്‍ച്ചകള്‍ നിലവില്‍ സ്തംഭനാവസ്ഥയിലാകാന്‍ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിനിടെ മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഇരുപക്ഷവും കടുത്ത നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണാനാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.