ബിഷ്‌കെക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യയില്‍ ഈ വര്‍ഷം ആദ്യം രൂക്ഷമായ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്.
ഷാങ്ഹായ് സഹകരണ സംഘടന (എസ് സി ഒ) ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. 2024 ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് മോഡിയും പെസെഷ്‌കിയാനും അവസാനമായി നേരില്‍ കണ്ടത്. പെസെഷ്‌കിയാന്‍ ഇറാന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
ഫെബ്രുവരി 28ന് യു എസും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം മോഡിയും പെസെഷ്‌കിയാനും പലതവണ ഫോണില്‍ സംസാരിച്ചിരുന്നു. സംഘര്‍ഷം കുറയ്ക്കല്‍, സാധാരണക്കാരുടെ സുരക്ഷ, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം, ഇന്ത്യയുടെ ഊര്‍ജസുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് ഈ സംഭാഷണങ്ങളില്‍ പ്രധാനമായും ചര്‍ച്ചയായത്.
എസ് സി ഒയുടെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഇന്ത്യ, ഇറാന്‍, റഷ്യ, ചൈന, പാകിസ്താന്‍ എന്നിവയുള്‍പ്പെടെ 10 അംഗരാജ്യങ്ങളുള്ള സംഘടനയുടെ ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങിയ നേതാക്കളും പങ്കെടുക്കും. കിര്‍ഗിസ്താന്‍ പ്രസിഡന്റ് സാദിര്‍ ജപറോവാണ് രണ്ടുദിവസത്തെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
ഇന്ത്യ- ഇറാന്‍ ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ മേഖലകള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. ഊര്‍ജ വിതരണം, വ്യാപാരം, ഗതാഗത- വാണിജ്യ ബന്ധം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയില്‍ ഇടംപിടിച്ചേക്കും.
പശ്ചിമേഷ്യന്‍ സംഘര്‍ഷം സംബന്ധിച്ച്, തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ ദീര്‍ഘകാല നിലപാട് പ്രധാനമന്ത്രി മോഡി ആവര്‍ത്തിച്ചേക്കും. സംഘര്‍ഷം ഉടന്‍ കുറയ്ക്കണമെന്നും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഊര്‍ജവും ചരക്കുകളും തടസ്സമില്ലാതെ കടന്നുപോകാന്‍ അനുവദിക്കണമെന്നും ഇന്ത്യ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്കും ഇന്ത്യ പ്രാധാന്യം നല്‍കുന്നു.
അതേസമയം, നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ബ്രിക്‌സ്, എസ് സി ഒ തുടങ്ങിയ കൂട്ടായ്മകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം വേണമെന്ന് പെസെഷ്‌കിയാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇറാന്‍ പ്രസിഡന്റ് ഏതാനും ദിവസങ്ങള്‍ക്കകം ന്യൂഡല്‍ഹിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
