അമേരിക്ക-ഇറാൻ സംഘർഷം: 400ഓളം യുഎസ് സൈനികർക്ക് പരിക്ക്; ഉപരോധം വീണ്ടും കർശനമാക്കുന്നു

അമേരിക്ക-ഇറാൻ സംഘർഷം: 400ഓളം യുഎസ് സൈനികർക്ക് പരിക്ക്; ഉപരോധം വീണ്ടും കർശനമാക്കുന്നു


വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട് ഏകദേശം 400 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി യു.എസ്. ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച വരെ 399 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ഈ എണ്ണം കുറച്ച് ഉയർന്നതായി റിപ്പോർട്ട് ചെയ്യുന്നു. വൈകിയാണ് ചില ട്രോമാറ്റിക് ബ്രെയിൻ പരിക്കുകളുടെ ലക്ഷണങ്ങൾ പ്രകടമാകുന്നത് എന്നതാണ് ഇതിന് കാരണം.

പരിക്കേറ്റവരിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്. എന്നാൽ ഇവർ മുൻപ് റിപ്പോർട്ട് ചെയ്തവരിൽപ്പെട്ടവരാണോ എന്നത് വ്യക്തമല്ല. ആകെ 354 സൈനികർ വീണ്ടും ഡ്യൂട്ടിയിലേക്ക് മടങ്ങിയിട്ടുണ്ട്.

ഇതിനിടെ ഇറാനെതിരായ സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കടലിൽ ഉള്ള ഇറാനിയൻ എണ്ണയ്ക്കുള്ള യു.എസ്. ഇളവ് അവസാനിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. ഞായറാഴ്ച അർദ്ധരാത്രി മുതൽ ഉപരോധം വീണ്ടും പ്രാബല്യത്തിൽ വരും. ഇറാനുമായി ഇടപാട് നടത്തുന്ന വിദേശ സാമ്പത്തിക സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി.

ലെബനനിൽ ആക്രമണങ്ങൾ തുടരുന്നതിനിടെ ചൊവ്വാഴ്ച മാത്രം 35 പേർ കൊല്ലപ്പെട്ടു. മാർച്ച് 2 മുതൽ ഇതുവരെ 2,124 പേർ കൊല്ലപ്പെടുകയും 6,921 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, യു.എസ്.-ഇറാൻ ബന്ധത്തിൽ വിശ്വാസക്കുറവ് തുടരുന്നുണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു. ഈ പ്രശ്‌നം ഒരു രാത്രികൊണ്ട് പരിഹരിക്കാനാകില്ലെങ്കിലും നിലവിലെ ചർച്ചകളിൽ പുരോഗതി ഉണ്ടെന്നാണ് അദ്ദേഹം വിലയിരുത്തിയത്. ചർച്ചകൾ സത്യസന്ധമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.