പ്യോങ്യാങ്: അമേരിക്കയുടെ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ എത്തുന്നതിനു മുമ്പായി കടുത്ത യു.എസ് വിരുദ്ധ നയം നടപ്പാക്കുമെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ അഞ്ചു ദിവസത്തെ പ്ലീനറി യോഗത്തിലാണ് യു.എസ് വിരുദ്ധനയം കടുപ്പിക്കുന്നതിനുള്ള സൂചന കിം നല്‍കിയത്. 'കമ്യൂണിസ്റ്റ് വിരുദ്ധത മാറ്റമില്ലാത്ത ദേശീയനയമായി കണക്കാക്കുന്ന ഏറ്റവും പിന്തിരിപ്പന്‍ രാഷ്ട്രം' എന്നാണ് അമേരിക്കയെ കിം വിശേഷിപ്പിച്ചത്. യു.എസ് -ദക്ഷിണ കൊറിയ-ജപ്പാന്‍ പങ്കാളിത്തം ആണവ സൈനിക സംഘമായി വികസിക്കുകയാണെന്നും കിം ആരോപിച്ചു.
ഏത് ദിശയിലാണ് നമ്മള്‍ മുന്നേറേണ്ടതെന്നും എന്ത് ചെയ്യണമെന്നും ഈ യാഥാര്‍ഥ്യം വ്യക്തമായി കാണിക്കുന്നുവെന്ന് കിം പറഞ്ഞതായി ഔദ്യോഗിക കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയുടെ ദീര്‍ഘകാല ദേശീയ താല്‍പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും വേണ്ടിയുള്ള 'അമേരിക്കന്‍ വിരുദ്ധ' പോരാട്ടത്തിന്റെ ഏറ്റവും തീവ്ര നിലപാടിലേക്ക് രാജ്യം പോവുന്നതായി കിമ്മിന്റെ പ്രസംഗം വ്യക്തമാക്കി.
ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് ഉത്തര കൊറിയയുമായുള്ള നയതന്ത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. തന്റെ ആദ്യ ടേമില്‍ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ട്രംപ് മൂന്നുതവണ കിമ്മുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധത്തിന് ഉത്തരകൊറിയയുടെ പിന്തുണയും നയതന്ത്രം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ട്രംപ് അധികാരമേല്‍ക്കുന്നതിനു മുമ്പ് ഉത്തരകൊറിയ കടുത്ത യു.എസ് വിരുദ്ധ നയം നടപ്പാക്കുമെന്ന് കിം ജോങ് ഉന്‍