മോസ്‌കോ: ഇന്ത്യക്കെതിരെ ആണവായുധമടക്കം എല്ലാ ശക്തിയും പ്രയോഗിക്കുമെന്ന് പാകിസ്താൻ. റഷ്യയിലെ പാക് നയതന്ത്ര പ്രതിനിധി മുഹമ്മദ് ഖാലിദ് ജമാലിയുടേതാണ് ഭീഷണി. പാകിസ്താൻ റേഞ്ചർ ബിഎസ്എഫ് കസ്റ്റഡിയിലാണെന്ന് പാകിസ്താൻ സ്ഥിരീകരിച്ചു. സംഘർഷ സാഹചര്യം തുടരുന്നതിനിടെ പാകിസ്താൻ നാളെ പാർലമെന്റ് സമ്മേളനം ചേരും. വിഷയത്തിൽ റഷ്യയും പാക്കിസ്താനും ഇടപെടണമെന്നും മുഹമ്മദ് ഖാലിദ് ജമാലി ആവശ്യപ്പെട്ടു.
വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യക്കെതിരെ ആണവായുധമടക്കമുള്ള എല്ലാ ശക്തികളും ഉപയോഗിക്കുമെന്ന റഷ്യയിലെ പാക് അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലിയുടെ പരാമർശം. പാകിസ്താനെതിരെ ഇന്ത്യ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഭീഷണി.
നേരത്തെ പാകിസ്താൻ മന്ത്രിയായ ഹനീഫ് അബ്ബാസിയും ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അതിർത്തികളിൽ 130 മിസൈലുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബഹാവൽനഗർ, ഡോംഗ ബോംഗ – സുഖൻവാല ചെക്ക്‌പോസ്റ്റിനടുത്തുനിന്ന് പാക് റേഞ്ചറെ ഇന്ത്യ പിടികൂടിയതായി പാകിസ്താൻ സ്ഥിരീകരിച്ചു. പാകിസ്താൻ അതിർത്തിക്ക് ഉള്ളിൽ നിന്നാണ് പിടികൂടിയത് എന്നാണ് പാക് സർക്കാരിന്റെ ആരോപണം.
കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാനെ വിട്ടു നൽകാൻ പാകിസ്താൻ ഇനിയും തയ്യാറാകാതെ സാഹചര്യത്തിലാണ് പാക്ക് റേഞ്ചർ ബിഎസ്എഫിന്റെ കസ്റ്റഡിയിൽ ആകുന്നത്. സംഘർഷ സാഹചര്യം തുടരുന്നതിനിടെ സ്ഥിതിഗതികൾ ചർച്ചചെയ്യാൻ പാകിസ്താനിൽ നാളെ പാർലമെന്റ് സമ്മേളനം ചേരും. അർദ്ധ രാത്രിയോടെയാണ് പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി വിജ്ഞാപനം ഇറക്കിയത്.
നേരത്തെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധുനദീജല കരാർ ഇന്ത്യ റദ്ദാക്കിയിരുന്നു. നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും വിസക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. നിരവധി പാകിസ്താൻ സെലിബ്രേറ്റികളുടെ എക്‌സ് അക്കൗണ്ട് ഇന്ത്യ ബ്ലാക്ക് ചെയ്യുകയും ചെയ്തിരുന്നു.
ഇന്ത്യക്കെതിരെ ആണവായുധമടക്കം എല്ലാ ശക്തിയും പ്രയോഗിക്കുമെന്ന് റഷ്യയിലെ പാക് പ്രതിനിധി
