പാക്-സൗദി പ്രതിരോധ കൂട്ടുകെട്ട് പുതിയ ഘട്ടത്തില്‍; 2 ബില്യണ്‍ ഡോളര്‍ സൗദി വായ്പ യുദ്ധവിമാനങ്ങളാക്കാന്‍ നീക്കം

പാക്-സൗദി പ്രതിരോധ കൂട്ടുകെട്ട് പുതിയ ഘട്ടത്തില്‍; 2 ബില്യണ്‍ ഡോളര്‍ സൗദി വായ്പ യുദ്ധവിമാനങ്ങളാക്കാന്‍ നീക്കം


ഇസ്ലാമാബാദ് : റിയാദ്: സൗദി അറേബ്യ നല്‍കിയ ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ വായ്പ ജെ.എഫ്-17 തണ്ടര്‍ യുദ്ധവിമാനങ്ങളായി മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ പാകിസ്ഥാനും സൗദി അറേബ്യയും തമ്മില്‍ പുരോഗമിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച പരസ്പര പ്രതിരോധ കരാറിന് പിന്നാലെ ഇരുരാജ്യങ്ങളും സൈനിക സഹകരണം പ്രായോഗിക തലത്തിലേക്ക് മാറ്റുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാനും, മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സുരക്ഷാ പ്രതിബദ്ധതകളെച്ചൊല്ലിയുള്ള അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സുരക്ഷാ കൂട്ടുകെട്ടുകള്‍ തേടുന്ന സൗദിയും തമ്മിലുള്ള ബന്ധം ഇതിലൂടെ കൂടുതല്‍ ശക്തമാകുകയാണ്.

പാക് സൈന്യവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, മൊത്തം 4 ബില്യണ്‍ ഡോളറിന്റെ കരാറാണ് പരിഗണിക്കുന്നത്. ഇതില്‍ 2 ബില്യണ്‍ ഡോളര്‍ സൗദി വായ്പ ജെ.എഫ്-17 യുദ്ധവിമാനങ്ങളായി പരിവര്‍ത്തനം ചെയ്യുകയും, ബാക്കി തുക മറ്റ് സൈനിക ഉപകരണങ്ങള്‍ക്കും ഉപയോഗിക്കാനുമാണ് ആലോചന. ചൈനയുമായി ചേര്‍ന്ന് പാകിസ്ഥാന്‍ വികസിപ്പിച്ച് സ്വന്തം രാജ്യത്ത് നിര്‍മ്മിക്കുന്ന ലഘു യുദ്ധവിമാനമായ ജെ.എഫ്-17 തണ്ടര്‍ ആണ് ഇടപാടിന്റെ പ്രധാന ആകര്‍ഷണം. പാകിസ്ഥാനും സൗദിയും കഴിഞ്ഞ സെപ്റ്റംബറില്‍ ഒപ്പുവച്ച പ്രതിരോധ കരാര്‍ പ്രകാരം, ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുകൂട്ടര്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ വ്യോമസേനാ മേധാവി സൈഹീര്‍ അഹമ്മദ് ബാബര്‍ സിദ്ധു ഈ ആഴ്ച സൗദിയില്‍ സന്ദര്‍ശനം നടത്തിയത്. സൗദി എയര്‍ഫോഴ്‌സ് മേധാവി ലഫ്.ജനറല്‍ തുര്‍ക്കി ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസുമായി ഇരുരാജ്യങ്ങളുടെയും പ്രതിരോധ സഹകരണം, പ്രാദേശിക സുരക്ഷാ സാഹചര്യം, ഭാവിയിലെ സൈനിക പങ്കാളിത്ത സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്തതായി പാക് സൈന്യം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയുമായുണ്ടായ സംഘര്‍ഷത്തില്‍ ജെഎഫ്–17 വിമാനങ്ങള്‍ വിന്യസിച്ചതോടെ അവയുടെ അന്താരാഷ്ട്ര വിപണിയിലെ വിശ്വാസ്യതയും ആവശ്യകതയും വര്‍ധിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ വ്യോമസേനയിലെ മുന്‍ എയര്‍ മാര്‍ഷല്‍ അമീര്‍ മസൂദ് അഭിപ്രായപ്പെട്ടു. കുറഞ്ഞ ചെലവും യുദ്ധപരിശോധനയും ഈ വിമാനത്തെ പല രാജ്യങ്ങള്‍ക്കും ആകര്‍ഷകമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലിബിയയുമായി 4 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ആയുധ കരാറും, ബംഗ്ലാദേശുമായി നടക്കുന്ന ചര്‍ച്ചകളും ഉള്‍പ്പെടെ പാകിസ്ഥാന്‍ ഇപ്പോള്‍ ആയുധ കയറ്റുമതി വ്യാപിപ്പിക്കുന്നതില്‍ സജീവമാണ്.

ഇതിനിടെ, 7 ബില്യണ്‍ ഡോളര്‍ ഐഎംഎഫ് സഹായ പദ്ധതിയിലായിരിക്കുന്ന പാകിസ്ഥാനെ സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നിക്ഷേപങ്ങളും വായ്പ പുതുക്കലുകളും വലിയ രീതിയില്‍ താങ്ങിനിര്‍ത്തുകയാണ്. 2018ല്‍ പ്രഖ്യാപിച്ച 6 ബില്യണ്‍ ഡോളര്‍ സൗദി സഹായ പാക്കേജും, പിന്നീട് നടന്ന നിക്ഷേപ നീട്ടലുകളും ഇസ്ലാമാബാദിന്റെ വിദേശനാണ്യശേഖരം സ്ഥിരതയിലാക്കാന്‍ നിര്‍ണായകമായിട്ടുണ്ട്. ഈ സാമ്പത്തിക പശ്ചാത്തലത്തിലാണ് വായ്പയെ യുദ്ധവിമാനങ്ങളാക്കി മാറ്റുന്ന പാക്-സൗദി നീക്കം, പ്രദേശത്തെ ശക്തിസമവാക്യങ്ങളില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.