ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് പതാക ഉയർത്താൻ അവകാശം നേടി പാലസ്തീൻ

ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് പതാക ഉയർത്താൻ അവകാശം നേടി പാലസ്തീൻ


ജനീവ: ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് പതാക ഉയർത്താനുള്ള അവകാശം പാലസ്തീൻ പ്രതിനിധിസംഘം നേടി. സംഘടനയുടെ വാർഷികയോഗത്തിൽ ചൈന, പാക്കിസ്താൻ, സൗദി തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ പ്രതീകാത്മകമായി വിജയിച്ചതിനെ തുടർന്നാണ് പാലസ്തീൻ പ്രതിനിധി സംഘം ലോകാരോഗ്യ സംഘടനയിൽ പതാക ഉയർത്താനുള്ള അവകാശം നേടിയത്. കഴിഞ്ഞ വർഷം യു.എൻ ജനറൽ അസംബ്ലിയിൽ അംഗത്വത്തിനായി പാലസ്തീൻ നടത്തിയ വിജയകരമായ ശ്രമത്തെ തുടർന്നാണിത്.

ജനീവയിൽ നടന്ന ആഗോള ഏജൻസിയുടെ വാർഷിക അസംബ്ലിയിൽ ചൈന, പാകിസ്താൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ കൊണ്ടുവന്ന നിർദേശം 95 പേർ അനുകൂലിച്ചും നാല് പേർ എതിർത്തും പാസായി. ഇസ്രായേൽ, ഹംഗറി, ചെക്ക് റിപ്പബ്ലിക്, ജർമ്മനി രാജ്യങ്ങളാണ് എതിർത്തത്. 27 രാജ്യങ്ങൾ വിട്ടുനിന്നു. കഴിഞ്ഞവർഷം യു.എൻ പൊതുസഭയിൽ ഫലസ്തീന് അംഗത്വം ലഭിച്ചിരുന്നു.

വോട്ടെടുപ്പിന്റെ ഫലം ദുരിതമനുഭവിക്കുന്ന പാലസ്തീൻ ജനതക്ക് ചെറിയ പ്രതീക്ഷാ കിരണം നൽകിയതായി ലെബനൻ പ്രതിനിധി റാണ എൽ ഖൗറി പറഞ്ഞു. 150 ഓളം രാജ്യങ്ങൾ പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ടെങ്കിലും യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ എന്നിവയുൾപ്പെടെ മിക്ക പ്രധാന പാശ്ചാത്യ ശക്തികളും അംഗീകരിച്ചിട്ടില്ല. ഉടൻ തന്നെ ലോകാരോഗ്യ സംഘടനയിലും എല്ലാ യു.എൻ ഫോറങ്ങളിലും ഞങ്ങൾക്ക് പൂർണ അംഗത്വം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ പാലസ്തീൻ അംബാസഡർ ഇബ്രാഹിം മുഹമ്മദ് ഖറൈഷി പറഞ്ഞു.