സിയോള്‍: 2024 ഡിസംബറില്‍ ഹ്രസ്വകാലത്തേക്ക് മാര്‍ഷ്യല്‍ ലോ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് കലാപം ആസൂത്രണം ചെയ്‌തെന്ന കേസില്‍ ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന് വധശിക്ഷ വിധിക്കണമെന്ന് പ്രത്യേക പ്രോസിക്യൂട്ടര്‍ കോടതി മുമ്പാകെ ആവശ്യപ്പെട്ടു. ഏകദേശം മൂന്ന് ദശകങ്ങളായി ദക്ഷിണ കൊറിയയില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല.
സിയോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതിയില്‍ നടന്ന അന്തിമ വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്. 2023 ഒക്ടോബര്‍ മുതല്‍ തന്നെ യൂനും മുന്‍ പ്രതിരോധ മന്ത്രി കിം യോങ്-ഹ്യുനും ചേര്‍ന്ന് അധികാരത്തില്‍ തുടരാനുള്ള ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
ലിബറല്‍ ജനാധിപത്യത്തെ സംരക്ഷിക്കാനാണ് അടിയന്തര മാര്‍ഷ്യല്‍ ലോ പ്രഖ്യാപിച്ചതെന്ന് യൂന്‍ അവകാശപ്പെടുന്നുവെന്നും എന്നാല്‍ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ ആ നടപടി ദേശീയ അസംബ്ലിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ലിബറല്‍ ജനാധിപത്യ ഭരണഘടനാ സംവിധാനത്തെ തന്നെ തകര്‍ക്കുകയും ചെയ്തവെന്ന് പ്രോസിക്യൂട്ടര്‍ അന്തിമ വാദത്തില്‍ പറഞ്ഞു.
തന്റെ കുറ്റകൃത്യത്തില്‍ ആത്മാര്‍ഥമായ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ജനങ്ങളോടു യഥാര്‍ഥത്തില്‍ മാപ്പ് പറഞ്ഞിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
65 വയസ്സുള്ള യൂന്‍ സുക് യോള്‍ കുറ്റാരോപണങ്ങള്‍ നിഷേധിച്ചു. രാജ്യത്തെ നശിപ്പിക്കാന്‍ ഇടയാക്കുന്ന ദുഷ്ടശക്തികളെ പ്രതിരോധിക്കാനാണ് മാര്‍ഷ്യല്‍ ലോ പ്രഖ്യാപിച്ചതെന്ന് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി അദ്ദേഹത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് എന്ന നിലയില്‍ മാര്‍ഷ്യല്‍ ലോ പ്രഖ്യാപിക്കാന്‍ തനിക്ക് ഭരണഘടനാപരമായ അധികാരമുണ്ടായിരുന്നുവെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ നടപടികള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയായിരുന്നു ലക്ഷ്യമെന്നുമാണ് യൂന്‍ വാദിച്ചത്.
ഈ കേസില്‍ ഫെബ്രുവരിയില്‍ വിധി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്ന ശിക്ഷകള്‍ എല്ലായ്‌പ്പോഴും കോടതി അംഗീകരിക്കണമെന്നില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
1995- 96 കാലഘട്ടത്തില്‍ മുന്‍ പ്രസിഡന്റുമാരായ ചുന്‍ ഡൂ-ഹ്വാനും റോ ടെ-വുവും കലാപക്കുറ്റം ചുമത്തി വിചാരണ ചെയ്യപ്പെട്ട കേസില്‍ ചുനിന് വധശിക്ഷയും റോയ്ക്ക് ജീവപര്യന്തം തടവുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് താഴ്ന്ന കോടതി ചുനിന് വധശിക്ഷയും റോയ്ക്ക് 22.5 വര്‍ഷം തടവുമാണ് വിധിച്ചത്. അപ്പീല്‍ കോടതി പിന്നീട് ശിക്ഷകള്‍ പുനഃപരിശോധിച്ച് ചുനിന് ജീവപര്യന്തം തടവും റോയ്ക്ക് 17 വര്‍ഷം തടവുമാക്കി. ഇരുവര്‍ക്കും ഏകദേശം രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രസിഡന്‍ഷ്യല്‍ മാപ്പ് ലഭിച്ചിരുന്നു.
ദക്ഷിണ കൊറിയയില്‍ അവസാനമായി വധശിക്ഷ വിധിച്ചത് 2016ലായിരുന്നുവെങ്കിലും 1997 മുതല്‍ ഒരാളെയും വധശിക്ഷയ്ക്ക് വിധേയനാക്കിയിട്ടില്ല.
യൂന്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ലീ ജെ മ്യുങിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ നിയമത്തിനും സിദ്ധാന്തങ്ങള്‍ക്കും പൊതുസമൂഹത്തിന്റെ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി നീതിപീഠം വിധി പ്രസ്താവിക്കുമെന്നാണ് തങ്ങളുടെ വിശ്വാസം എന്ന് അറിയിച്ചു.
