ക്രെംലിന്‍: കുര്‍സ്‌ക് മേഖലയിലെ യുക്രെയ്‌നിയന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ കീവിന്റെ സൈനികരോട് കീഴടങ്ങാന്‍ പുടിന്റെ നിര്‍ദ്ദേശം. പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനത്തോട് തങ്ങള്‍ക്ക് സഹതാപമുണ്ടെന്നാണ് ടെലിവിഷന്‍ പ്രസംഗത്തില്‍ പുടിന്‍ പറഞ്ഞത്.
യുക്രെയ്ന്‍ സൈനികര്‍ ആയുധങ്ങള്‍ താഴെ വെച്ച് കീഴടങ്ങുകയാണെങ്കില്‍ ജീവനും മാന്യമായ പരിഗണനയും ഉറപ്പുനല്‍കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. സൈനികരോട് കീഴടങ്ങാന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ പുടിന്‍ യുക്രെയ്ന്‍ നേതാക്കളോട് ആവശ്യപ്പെട്ടു.
യുദ്ധത്തില്‍ തങ്ങളുടെ ലക്ഷക്കണക്കിന് പേരാണ് ധീരത പ്രകടമാക്കിയതെന്ന് യുക്രെയ്ന്‍ സൈനിക വളണ്ടിയര്‍ ദിനത്തില്‍ സെലെന്‍സ്‌കി ഊന്നിപ്പറഞ്ഞു.
റഷ്യന്‍ ബോംബുകളിലും മുന്‍നിരകളിലും നിര്‍ഭാഗ്യവശാല്‍ ആയിരക്കണക്കിന് പേരാണ് മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്‌നിലെ ജനങ്ങളെ സമാധാനത്തോടെ വിടണമെന്നും അധിനിവേശക്കാര്‍ യുക്രെയ്‌ന്റെ ഭൂമി വിട്ടുപോകണമെന്നുമാണ് യുദ്ധത്തിന്റെ ആദ്യ നിമിഷം മുതല്‍ തങ്ങള്‍ക്ക് മുമ്പോട്ടു വെക്കാനുള്ള ആവശ്യമെന്ന് സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. ഏതൊരു രാഷ്ട്രത്തിന്റേയും സ്വാഭാവിക ആഗ്രഹമാണ് സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ളതെന്നും തങ്ങളുടെ പോരാട്ടം അതിനാണെന്നും സെലെന്‍സ്‌കി പറഞ്ഞു.
റഷ്യയെ സ്വാധീനിക്കാനും സഹായിക്കുന്ന ശക്തമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം അമേരിക്കയോട് തുടര്‍ന്നും ആവശ്യപ്പെട്ടു.