വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയ്‌ക്കൊപ്പം സംസാരിക്കവെയാണ് ട്രംപ് തന്റെ ആഗ്രഹം വീണ്ടും പ്രകടിപ്പിച്ചത്. ആഗോള സുരക്ഷയ്ക്ക് ദ്വീപിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുന്നതാണ് നല്ലതെന്ന് ട്രംപ് പറഞ്ഞു.
'ഇത് സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നു. ഗ്രീന്‍ലാഡിനെക്കുറിച്ച് മുമ്പ് കൂടുതല്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ ഇത് എളുപ്പമാക്കാന്‍ കഴിയുന്ന ഒരാള്‍ക്കൊപ്പമാണ് താന്‍ ഇരിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷയ്ക്ക് നമുക്ക് ഇത് ആവശ്യമാണ്' എന്നും ട്രംപ് പറഞ്ഞു. വിഷയത്തില്‍ നാറ്റോ ഇടപെടല്‍ നടത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും യുഎന്‍ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റൂട്ടെ ഈ ചര്‍ച്ചയെ തള്ളിക്കളഞ്ഞു. ഗ്രീന്‍ലാന്‍ഡ് യുഎസില്‍ ചേരണമോ വേണ്ടയോ എന്ന കാര്യം ഈ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു. നാറ്റോയെ ഈ പ്രശ്‌നത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ല എന്നും മാര്‍ക്ക് റൂട്ടെ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഡെന്‍മാര്‍ക്കില്‍ നിന്ന് ക്രമേണ സ്വാതന്ത്ര്യം നേടണമെന്ന് വാദിക്കുന്ന ഗ്രീന്‍ലാന്‍ഡിലെ ഡെമോക്രാറ്റിറ്റ് പാര്‍ട്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടി. ഗ്രീന്‍ലാന്‍ഡിനെ അമേരിക്കന്‍ നിയന്ത്രണത്തിലാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ പാര്‍ട്ടി പരസ്യമായി എതിര്‍ത്തിരുന്നു. ഈ ഫലം ട്രംപിന് വ്യക്തമായ സന്ദേശം നല്‍കുമെന്ന് ഡെമോക്രാറ്റിറ്റ് നേതാവ് ജെന്‍സ് ഫ്രെഡറിക് നീല്‍സണ്‍ പറഞ്ഞു.
'ഡെന്‍മാര്‍ക്ക് വില്‍പ്പനയ്ക്കില്ല. നമുക്ക് അമേരിക്കക്കാരാകാന്‍ ആഗ്രഹമില്ല. ഞങ്ങള്‍ക്ക് ഡാനിഷുകാരാകാനും ആഗ്രഹമില്ല. ഞങ്ങള്‍ക്ക് ഗ്രീന്‍ലാന്‍ഡുകാരാകണം. ഭാവിയില്‍ നമുക്ക് സ്വാതന്ത്ര്യം വേണം. നമ്മുടെ സ്വന്തം രാജ്യം നമ്മള്‍ തന്നെ കെട്ടിപ്പടുക്കണം' എന്ന് ഡെമോക്രാറ്റിറ്റ് നേതാവ് ജെന്‍സ് ഫ്രെഡറിക് നീല്‍സണ്‍ പറഞ്ഞു.
ഡെന്‍മാര്‍ക്കില്‍ നിന്ന് ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള താല്‍പര്യം ട്രംപ് നിരന്തരം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഡാനിഷ് ഉദ്യോഗസ്ഥരില്‍ നിന്ന് പരിഹാസവും ശക്തമായ എതിര്‍പ്പുമാണ് ട്രംപിന് ലഭിച്ചത്. ഗ്രീന്‍ലാന്‍ഡിന്റെ തന്ത്രപ്രധാനമായ സ്ഥാനവും പ്രകൃതി വിഭവങ്ങളുമാണ് ട്രംപിനെ ആകര്‍ഷിക്കുന്നത്.
ഗ്രീന്‍ലാന്‍ഡിലെ ഭൂരിഭാഗം ജനങ്ങളും ഡാനിഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അമേരിക്കന്‍ നിയന്ത്രണത്തിലേക്ക് പോകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഡെമോക്രാറ്റിറ്റ് പാര്‍ട്ടിയുടെ വിജയം ഗ്രീന്‍ലാന്‍ഡുകാരുടെ സ്വന്തം രാജ്യമെന്ന വികാരം വ്യക്തമാക്കുന്നു. ട്രംപിന്റെ നിര്‍ദ്ദേശത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനം ഉയരുന്നുണ്ട്. ട്രംപിന്റെ ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കാര്യമായി ബാധിക്കും.
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
