ശ്രീനഗര്‍: ജമ്മുകശ്മീരിലെ സ്ത്രീകള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. രാജ്യാന്തര വനിത ദിനത്തിലാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇതേക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും അവര്‍ക്ക് എല്ലായിടത്തും പോകാന്‍ സാധ്യമാക്കുന്നതിനും വേണ്ടിയാണ് നടപടി.
ഇത് സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ചൂണ്ടിക്കാട്ടി. തന്റെ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണ വേളയിലായിരുന്നു ഒമറിന്റെ ഈ പ്രഖ്യാപനം.
ജമ്മുകശ്മീരിലെ സ്ത്രീകള്‍ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. തങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു ചുവട് വയ്പാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പണത്തെക്കുറിച്ച് ചിന്തിക്കാതെ കൂടുതല്‍ യാത്ര ചെയ്യാന്‍ ഈ നടപടി സ്ത്രീകളെ പ്രേരിപ്പിക്കുമെന്ന് സര്‍വകലാശാല വിദ്യാര്‍ത്ഥിയായ മഖ്വദാസ് ജാവെദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ ക്ഷേമ നടപടി തങ്ങളെ പൊതു ബസുകളില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കും. ഇത് തീര്‍ച്ചയായും സര്‍ക്കാരിന് ഒരു സാമ്പത്തിക ബാധ്യതയുണ്ടാക്കും. അത് കൊണ്ട് പക്ഷേ തങ്ങളുടെ സുരക്ഷിതവും ഗുണമേന്‍മയുള്ളതുമായ യാത്രയില്‍ അവര്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യാത്രയ്ക്കിടയില്‍ കണ്ടക്ടര്‍മാര്‍ പക്ഷേ തങ്ങളെ അവഹേളിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് കോളജ് വിദ്യാര്‍ത്ഥിയായ സീരത് പറഞ്ഞു. യാത്രയില്‍ ഞങ്ങള്‍ക്കും സുരക്ഷയും ആദരവും ഉറപ്പ് വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
2011ലെ കാനേഷുമാരി പ്രകാരം ജമ്മുകശ്മീരിലെ സ്ത്രീകളുടെ എണ്ണം 59 ലക്ഷമാണ്. കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടെ ഇതില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടാകും. വനിതാ സാക്ഷരതയും വര്‍ദ്ധിച്ചു. ഇതിനര്‍ത്ഥം തൊഴിലിനും വിദ്യാഭ്യാസത്തിനുമായി യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ്.
അതേസമയം സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍, സ്മാര്‍ട്ട് സിറ്റി ബസ്, സ്വകാര്യ വാഹന ഉടമകള്‍ എന്നിവര്‍ ഇതില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കോര്‍പ്പറേഷന് വലിയ നഷ്ടമുണ്ടാകുമെന്ന് ജനറല്‍ മാനേജര്‍ ഷൗക്കത്ത് അഹമ്മദ് ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാര്‍ സഹായമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാലായിരത്തോളം സ്വകാര്യ ബസുകള്‍ കശ്മീരില്‍ സര്‍വീസ് നടത്തുന്നുണ്ട്. തങ്ങളുടെ വ്യവസായത്തിന് ഇത് തിരിച്ചടിയാകുമെന്നാണ് ഇവരുടെ പക്ഷം. എങ്കിലും സംസ്ഥാന കോര്‍പ്പറേഷന്‍, സ്മാര്‍ട്ട്‌സിറ്റി ബസുകളെക്കാള്‍ കൂടുതല്‍ ബസുകള്‍ തങ്ങള്‍ക്കുള്ളതിന്റെ ഒരാശ്വാസവും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. എസ്ആര്‍ടിസി, സ്മാര്‍ട്ട്‌സിറ്റി ബസുകള്‍ കേവലം നാനൂറെണ്ണം മാത്രമാണ് ഉള്ളത്. ഇത് ജില്ലകളിലും നഗരങ്ങളിലും മാത്രമാണ് സര്‍വീസ് നടത്തുന്നത്.
സൗജന്യ യാത്ര തങ്ങളുടെ വ്യവസായത്തെ ബാധിക്കില്ലെന്നാണ് കശ്മീരില്‍ ആയിരത്തോളം ബസ് ഓടിക്കുന്ന ബസ് ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്റെ പ്രസിഡന്റ് ഷബിര്‍ മട്ട് പറയുന്നത്. തങ്ങളുടെ ബസുകള്‍ ജില്ലകള്‍ക്കിടയിലും ജില്ലകളിലും ദിവസം മുഴുവന്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ എസ്ആര്‍ടിസി ബസുകള്‍ പ്രത്യേക സമയത്തു മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇവയുടെ എണ്ണം വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം സ്മാര്‍ട്ട് സിറ്റി ബസുകള്‍ സര്‍വീസ് നടത്തുന്ന ശ്രീനഗര്‍, ജമ്മു നഗരങ്ങളില്‍ തങ്ങളുടെ വ്യവസായത്തെ ഇത് സാരമായി ബാധിക്കുമെന്നാണ് മിനി ബസ് യൂണിയന്‍ പ്രസിഡന്റ് ഷെയ്ഖ് യൂസഫ് പറയുന്നത്. ശ്രീനഗറില്‍ യൂണിയന്റെ 800 ബസുകള്‍ സര്‍വീസ് നടത്തുന്നു. താഴ്‌വരയുെട മറ്റിടങ്ങളില്‍ 2000 ബസുകള്‍ സര്‍വീസ് നടത്തുന്നു. ശ്രീനഗറിലും ജമ്മുവിലും സിറ്റി ബസുകള്‍ ഇപ്പോള്‍ തന്നെ നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു. വനിതകള്‍ക്ക് സൗജന്യയാത്ര കൂടി വരുമ്പോള്‍ തങ്ങള്‍ക്ക് കൂടുതല്‍ ബാധ്യതയുണ്ടാകുമെന്നും യൂസഫ് പറയുന്നു.
ജമ്മുകശ്മീരിലെ സ്ത്രീകള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ ബസുകളില്‍ യാത്ര സൗജന്യം
