വാഷിംഗ്ടണ്‍: യുഎസ് നിര്‍ദ്ദേശിച്ച യുക്രെയ്‌നിലെ വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിനുമായി നടത്തിയ ചര്‍ച്ചകള്‍ 'നല്ലതും ഫലപ്രദവുമാണെന്ന്' യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രശംസിച്ചു.
വ്യാഴാഴ്ച വൈകിട്ട് മോസ്‌കോയില്‍ പുട്ടിനും യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപിന്റെ പ്രതികരണം. സമാധാന പ്രക്രിയയെക്കുറിച്ചുള്ള യുഎസ് 'ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം' പങ്കിട്ടതായി ക്രെംലിന്‍ പറഞ്ഞു.
'ചര്‍ച്ചകള്‍ ഭയാനകവും രക്തരൂക്ഷിതവുമായ യുദ്ധം ഒടുവില്‍ അവസാനിക്കാന്‍ വളരെ നല്ല അവസരം' നല്‍കിയതായി ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞു.
അതേസമയം, യുദ്ധം തുടരുന്നതിനായി ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകാനാണ് പുട്ടിന്‍ ശ്രമിക്കുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ആരോപിച്ചു, അതേസമയം വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളുമായി റഷ്യന്‍ പ്രസിഡന്റിനെ 'കളി കളിക്കാന്‍' അനുവദിക്കാനാവില്ലെന്ന് യു.കെ പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
ഈ ആഴ്ച ആദ്യം സൗദി അറേബ്യയില്‍ നടത്തിയ ചര്‍ച്ചയില്‍ യുഎസ് നിര്‍ദ്ദേശിച്ച വെടിനിര്‍ത്തല്‍ കരാര്‍ യുക്രെയ്ന്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ റഷ്യ ഇതുവരെ കരാറിന് സമ്മതിച്ചിട്ടില്ല.
വെടിനിര്‍ത്തല്‍ എന്ന ആശയം 'ശരിയാണ്, ഞങ്ങള്‍ അതിനെ പിന്തുണയ്ക്കുന്നു... പക്ഷേ ചില വ്യക്തതകള്‍ ആവശ്യമാണ് ' എന്ന് പുടിന്‍ വ്യാഴാഴ്ച, പറഞ്ഞിരുന്നു. സമാധാനത്തിനായി നിരവധി കര്‍ശനമായ വ്യവസ്ഥകള്‍ അദ്ദേഹം മുന്നോട്ടുവയ്ക്കുകയും ചെയ്തു. സെലെന്‍സ്‌കി ഇതിനെ 'കൃത്രിമം' എന്നാണ് വിശേഷിപ്പിച്ചത്.
'കരാര്‍ ഒന്നും നേടിക്കൊടുക്കാത്തതിനാല്‍ പുട്ടിന് ഈ യുദ്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയില്ലെന്ന് സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു.
'അതുകൊണ്ടാണ് വെടിനിര്‍ത്തലിന് മുമ്പുതന്നെ തുടക്കം മുതല്‍ തന്നെ വളരെ ബുദ്ധിമുട്ടുള്ളതും അസ്വീകാര്യവുമായ വ്യവസ്ഥകള്‍ സ്ഥാപിച്ച് നയതന്ത്രം അട്ടിമറിക്കാന്‍ അദ്ദേഹം ഇപ്പോള്‍ കഴിയുന്നതെല്ലാം ചെയ്യുന്നത്.'
'അനന്തമായ ചര്‍ച്ചകളിലേക്ക് പുട്ടിന്‍ എല്ലാവരെയും വലിച്ചിഴയ്ക്കുമെന്ന്... അര്‍ത്ഥശൂന്യമായ ചര്‍ച്ചകള്‍ക്കായി ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പാഴാക്കും. അതേസമയം അദ്ദേഹത്തിന്റെ തോക്കുകള്‍ ആളുകളെ കൊല്ലുന്നത് തുടരും' സെലന്‍സ്‌കി പറഞ്ഞു.
'പുട്ടിന്‍ മുന്നോട്ടുവയ്ക്കുന്ന ഓരോ നിബന്ധനയും ഏതൊരു നയതന്ത്രത്തെയും തടയാനുള്ള ശ്രമം മാത്രമാണ്. റഷ്യ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. 'ഞങ്ങള്‍ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.'
ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോടുള്ള ക്രെംലിന്റെ 'പൂര്‍ണ്ണമായ അവഗണന' പുട്ടിന് 'സമാധാനത്തെക്കുറിച്ച് ഗൗരവമില്ല ' എന്ന് തെളിയിച്ചതായി യുകെ പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മെര്‍ പറഞ്ഞു.
'റഷ്യ ഒടുവില്‍ ചര്‍ച്ചയുടെ മേശയിലേക്ക് വന്നാല്‍, അത് ഗൗരവമേറിയതും നിലനില്‍ക്കുന്നതുമായ ഒരു സമാധാനമാണെന്ന് ഉറപ്പാക്കാന്‍ ഒരു വെടിനിര്‍ത്തല്‍ നിരീക്ഷിക്കാന്‍ നാം തയ്യാറായിരിക്കണം,' അദ്ദേഹം പറഞ്ഞു.
'അവര്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍, ഈ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുടെ മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് നാം എല്ലാ ശക്തികളെയും ഒരുമിപ്പിക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്.' എന്നും യുകെ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഈ മാസം ആദ്യം ലണ്ടനില്‍ നടക്കുന്ന ഉച്ചകോടിയില്‍ നിര്‍ദ്ദിഷ്ട സമാധാന ദൗത്യം വികസിപ്പിക്കുന്നതിനായി ശനിയാഴ്ച, സര്‍ കെയര്‍ 25 നേതാക്കളുമായി ഒരു വീഡിയോ കോള്‍ നടത്തും.
യുഎസ് നിര്‍ദ്ദേശിച്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍, ഭാവിയിലെ റഷ്യന്‍ ആക്രമണത്തെ തടയാന്‍ 'ഇഷ്ടമുള്ളവരുടെ സഖ്യം' എന്ന് സ്റ്റാര്‍മര്‍ വിശേഷിപ്പിച്ച കൂട്ടായ്മ പ്രവര്‍ത്തിക്കും.
പുട്ടിന്‍ സ്വയം യുദ്ധം അവസാനിപ്പിക്കില്ല എന്നതിനാല്‍, 'റഷ്യയെ സ്വാധീനിക്കാന്‍ കഴിയുന്ന എല്ലാവരും, പ്രത്യേകിച്ച് അമേരിക്ക, സഹായിക്കാന്‍ കഴിയുന്ന ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സെലെന്‍സ്‌കി വെള്ളിയാഴ്ച തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ശക്തമായി അഭ്യര്‍ത്ഥിച്ചു.
'യഥാര്‍ത്ഥ സാഹചര്യത്തെക്കുറിച്ച് പുട്ടിന്‍ കള്ളം പറയുകയാണ് ' യുദ്ധക്കളം... മരണസംഖ്യ, റഷ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ത്ഥ അവസ്ഥ തുടങ്ങിയ എല്ലാത്തിനെക്കുറിച്ചും കള്ളം പറയുന്നു. 'നയതന്ത്രം പരാജയപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പുട്ടന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സെലന്‍സല്കി ആരോപിച്ചു.
എന്നാല്‍ ഇരുപക്ഷവും 'മുമ്പൊരിക്കലും ഇത്രയും സമാധാനത്തിന്റെ അടുത്ത് എത്തിയിട്ടില്ല' എന്ന് വൈറ്റ് ഹൗസ് വിശ്വസിക്കുന്നു.
വ്യാഴാഴ്ച മോസ്‌കോയില്‍ പുടിനും വിറ്റ്‌കോഫും തമ്മിലുള്ള ചര്‍ച്ചകള്‍ 'ഉല്‍പ്പാദനക്ഷമമായിരുന്നു' എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ശരിയായ കാര്യം ചെയ്യാന്‍ ട്രംപ്, പുട്ടിനും റഷ്യക്കാര്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ സൈന്യത്താല്‍ ചുറ്റപ്പെട്ടതായി അദ്ദേഹം വിശേഷിപ്പിച്ച യുക്രേനിയന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കണമെന്ന് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ 'ശക്തമായി അഭ്യര്‍ത്ഥിക്കുന്നു' ഇല്ലെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കാണാത്ത ഒരു 'ഭയാനകമായ കൂട്ടക്കൊല' യായിരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം യുക്രെയ്ന്‍ ആക്രമിച്ച പ്രദേശം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ റഷ്യ ശക്തമാക്കുമ്പോള്‍, കുര്‍സ്‌കിലെ യുക്രേനിയന്‍ സൈനികര്‍ 'ഒറ്റപ്പെട്ടു' എന്നും അവര്‍ പോകാന്‍ ശ്രമിക്കുന്നുവെന്നും പുടിന്‍ വ്യാഴാഴ്ച പറഞ്ഞതിന് ശേഷമാണ് ട്രംപിന്റെ പ്രതികരണം.
എന്നാല്‍ തങ്ങളുടെ സൈനികരെ റഷ്യന്‍ സേന വളഞ്ഞു എന്ന വാര്‍ത്ത വെള്ളിയാഴ്ച, യുക്രെയ്‌നിന്റെ സായുധ സേന ജനറല്‍ സ്റ്റാഫ് നിഷേധിച്ചു, അത് 'തെറ്റായതും കെട്ടിച്ചമച്ചതുമാണ്' എന്ന് സൈനിക മേധാവി പറഞ്ഞു..
പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും, യുക്രേനിയന്‍ സൈന്യം പിന്‍വാങ്ങി മെച്ചപ്പെട്ട പ്രതിരോധ സ്ഥാനങ്ങളിലേക്ക് 'വിജയകരമായി പുനഃസംഘടിപ്പിച്ച'തായും ഒരു പ്രസ്താവനയില്‍, പറഞ്ഞു.
'ഞങ്ങളുടെ യൂണിറ്റുകള്‍ വളയുമെന്ന ഭീഷണിയില്ല' എന്നും പ്രസ്താവന പറഞ്ഞു.
കുര്‍സ്‌കിലെ യുക്രേനിയന്‍ സൈനികര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് കീഴടങ്ങുകയാണെങ്കില്‍ 'അന്താരാഷ്ട്ര നിയമത്തിന്റെയും റഷ്യന്‍ ഫെഡറേഷന്റെ നിയമങ്ങളുടെയും മാനദണ്ഡങ്ങള്‍ക്കനുസൃതമായി' അവരെ പരിഗണിക്കുമെന്ന് ട്രംപിന്റെ അഭ്യര്‍ത്ഥനയ്ക്ക് മറുപടിയായി പുട്ടിന്‍ പറഞ്ഞു.
അതേസമയം യുക്രേനിയക്കാരുടെ പിന്തുണയുള്ള വെടിനിര്‍ത്തല്‍ സംബന്ധിച്ച യുഎസ് നിര്‍ദ്ദേശത്തോട് എല്ലാ അംഗങ്ങളും യോജിച്ചുവെന്ന് ക്യൂബെക്കില്‍ ചേര്‍ന്ന ജി7 അംഗങ്ങളുടെ യോഗത്തില്‍ ആതിഥേയ കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.
'ഇപ്പോള്‍ ഞങ്ങള്‍ റഷ്യയുടെ പ്രതികരണങ്ങള്‍ പഠിക്കുകയും നോക്കുകയും ചെയ്യുകയാണ്. യുക്രെയ്‌നിന്റെ കാര്യത്തില്‍ ഇപ്പോള്‍ പന്ത് റഷ്യയുടെ കോര്‍ട്ടിലാണ്.' എന്നും മെലാനി ജോളി പറഞ്ഞു.
വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്നതില്‍ അംഗങ്ങള്‍ ഒറ്റക്കെട്ടാണെന്ന് യോഗത്തില്‍ പങ്കെടുത്ത യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, പറഞ്ഞു.
നേതാക്കള്‍ സോഷ്യല്‍ മീഡിയയിലോ വാര്‍ത്താ സമ്മേളനത്തിലോ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമാക്കി യുഎസ് വിദേശനയ തീരുമാനങ്ങള്‍ എടുക്കില്ലെന്ന് യോഗത്തിന് ശേഷം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു, 'ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ചകളാണ് '' എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
