മാര്‍ക്ക് കാര്‍ണി അധികാരമേറ്റു; യു എസിന്റെ ഭ്രാന്തന്‍ നിര്‍ദ്ദേശം പോലെ കാനഡ 51-ാം സംസ്ഥാനമാകില്ല

മാര്‍ക്ക് കാര്‍ണി അധികാരമേറ്റു; യു എസിന്റെ ഭ്രാന്തന്‍ നിര്‍ദ്ദേശം പോലെ കാനഡ 51-ാം സംസ്ഥാനമാകില്ല


ഒട്ടാവ: ഒട്ടാവയിലെ റിഡ്യൂ ഹാളില്‍ നടന്ന ചടങ്ങില്‍ മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയായി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ ആദ്യ പ്രസംഗത്തില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകളെ പരാമര്‍ശിച്ച് കനേഡിയന്‍ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും 'ന്യായീകരിക്കാത്ത വിദേശ വ്യാപാര നടപടികളില്‍' നിന്ന് സംരക്ഷിക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കാര്‍ണി പറഞ്ഞു. വ്യാപാര യുദ്ധത്തില്‍ നെഗറ്റീവിറ്റി വിജയിക്കില്ലെന്നും അത് പലചരക്ക് വില കുറയ്ക്കാന്‍ സഹായിക്കില്ലെന്നും കാര്‍ണി പറഞ്ഞു. തന്റെ സര്‍ക്കാര്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കനേഡിയന്‍ ജനതയ്ക്ക് ഉറപ്പ് നല്‍കി.

തന്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം നടക്കുമെന്നും കാര്‍ണി പറഞ്ഞു.

പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നിലവില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ആലോചനകളൊന്നുമില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ ഉചിതമായ സമയത്ത് ട്രംപുമായുള്ള കൂടിക്കാഴ്ച നടക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

സുരക്ഷയും വ്യാപാര വൈവിധ്യവല്‍ക്കരണവും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കി ഫ്രാന്‍സിലേക്കും യു കെയിലേക്കും തന്റെ ആദ്യ വിദേശ സന്ദര്‍ശനങ്ങള്‍ നടത്തുമെന്നും കാര്‍ണി വ്യക്തമാക്കി. 

യു എസ്- കാനഡ ബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രസിഡന്റ് ട്രംപുമായി സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് മറുപടി നല്‍കിയ കാര്‍ണി ട്രംപിന്റെ അജണ്ടയും കാനഡയെയും ബാധിക്കുന്ന ഫെന്റനൈലിന്റെ 'ബാധ'യില്‍ നിന്ന് മുക്തി നേടുക എന്ന ലക്ഷ്യവും തനിക്ക് മനസ്സിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ കനേഡിയന്‍ ജോലികള്‍ക്കും തൊഴിലാളികള്‍ക്കും രാജ്യം നല്‍കുന്ന പ്രാധാന്യം ട്രംപ് മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

ക്യൂബെക്കില്‍ നടക്കുന്ന ജി 7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നടത്തിയ അഭിപ്രായങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് 'ഭ്രാന്തന്‍ നിര്‍ദ്ദേശം' എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. യു എസിന്റെ 51-ാമത്തെ സംസ്ഥാനം എന്ന നിലയില്‍ സാമ്പത്തികമായി കാനഡയ്ക്ക് മികച്ചതായിരിക്കുമെന്നാണ് റൂബിയോ അവകാശപ്പെട്ടത്. 

കാനഡയില്‍ തെരഞ്ഞെടുപ്പ് നവംബറിന് മുമ്പ് നടക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കാര്‍ണി നല്‍കിയ ഉത്തരം. ശക്തമായ ജനവിധി ഉറപ്പിക്കുന്നതിന് വരും ദിവസങ്ങളില്‍ മറ്റു കാര്യങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

തങ്ങള്‍ ഒരു രൂപത്തിലും യു എസിന്റെ 51-ാം സംസ്ഥാനമാകില്ലെന്ന് ഊന്നിപ്പറഞ്ഞ കാര്‍ണി കാനഡയും യു എസും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങളും എണ്ണിപ്പറഞ്ഞു. യു എസില്‍ നിന്നും രാജ്യ നേതൃത്വത്തില്‍ നിന്നും കാനഡ 'ബഹുമാനം പ്രതീക്ഷിക്കുന്നു' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാഹ്യ സഹായത്തെ ആശ്രയിക്കുന്നതിനുപകരം കാനഡയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെയാണ് തന്റെ സര്‍ക്കാര്‍ അമേരിക്കന്‍ സാമ്പത്തിക സമ്മര്‍ദ്ദത്തിന് മറുപടി നല്‍കേണ്ടതെന്നും കാര്‍ണി വ്യക്തമാക്കി. 'ഞങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ യജമാനന്മാരാണ്. ഞങ്ങള്‍ ചുമതല വഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് അംഗമായി ഒരിക്കലും സേവനമനുഷ്ഠിച്ചിട്ടില്ലാത്ത ആദ്യത്തെ കനേഡിയന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ അദ്ദേഹം എവിടെയെങ്കിലും മത്സരിക്കേണ്ടതുണ്ട്. എന്നാല്‍ താന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കേണ്ട ദിവസമല്ല ഇന്ന് എന്നു പറഞ്ഞാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തെ അദ്ദേഹം നേരിട്ടത്.

മാര്‍ക്ക് കാര്‍ണി അധികാരമേറ്റു; യു എസിന്റെ ഭ്രാന്തന്‍ നിര്‍ദ്ദേശം പോലെ കാനഡ 51-ാം സംസ്ഥാനമാകില്ല