മോസ്‌കോ: കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചുവെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. കാന്‍സറിനെതിരെ റഷ്യ സ്വന്തമായി എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചുവെന്നും ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിന്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു. കാന്‍സര്‍ വാക്‌സിനുകള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നേരത്തെ അറിയിച്ചിരുന്നു.
2025 ആദ്യം തന്നെ വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. പൊതുജനങ്ങള്‍ക്ക് നേരിട്ട് നല്‍കാതെ, കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായാണ് വാക്‌സിന്‍ ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട്. വാക്സിന്‍ ട്യൂമര്‍ വികസനത്തെയും കാന്‍സര്‍ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് ടാസിനോട് പറഞ്ഞു.
അതേസമയം കാന്‍സര്‍ വാക്‌സിന്റെ പേര് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല. വാക്‌സിന്‍ എത്രമാത്രം ഫലപ്രദമാണെന്ന കാര്യത്തിലും വ്യക്തതയില്ല. കാന്‍സര്‍ വാക്‌സിനുകള്‍ വികസിപ്പിക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു. വ്യക്തിഗത തെറാപ്പികള്‍ക്കായി വാക്‌സിന്‍ ഉടന്‍ തന്നെ ഫലപ്രദമായി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതയും അദ്ദേഹം അറിയിച്ചിരുന്നു. റഷ്യയിന്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇടപെടല്‍ എന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ മാത്രം 6,35,000ലധികം കാന്‍സര്‍ കേസുകള്‍ രാജ്യത്ത് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഏറെയും വന്‍കുടല്‍, സ്തനം, ശ്വാസകോശം എന്നീ അവയവങ്ങളെയാണ് ബാധിച്ചിരിക്കുന്നത്.
റഷ്യ വികസിപ്പിച്ച കാന്‍സര്‍ വാക്‌സിന്‍ 2025 ആദ്യം സൗജന്യമായി വിതരണം ചെയ്യും