വാഷിങ്ടൺ: നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിന് പരിഹാരം കണ്ടെത്താനുള്ള അമേരിക്കൻ ശ്രമങ്ങൾക്ക് വീണ്ടും വേഗം. മരുമകൻ ജാരഡ് കുഷ്നറും വ്യവസായി സ്റ്റീവ് വിറ്റ്കോഫും ഉൾപ്പെടുന്ന സംഘത്തെ മോസ്കോയിലേക്കും കീവിലേക്കും അയയ്ക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട നിർദേശവുമായാണ് ഇരുവരും റഷ്യയിലെയും യുക്രൈനിലെയും നേതാക്കളുമായി ചർച്ച നടത്തുകയെന്നാണ് ട്രംപിന്റെ വിശദീകരണം.
അമേരിക്കയുടെ സമാധാന നിർദേശത്തിന്റെ പൂർണരൂപം ട്രംപ് പുറത്തുവിട്ടിട്ടില്ല. പ്രത്യേകിച്ച് യുക്രൈൻ റഷ്യയ്ക്ക് അധീനതയിലുള്ള പ്രദേശങ്ങൾ വിട്ടുനൽകണമെന്ന വ്യവസ്ഥയുണ്ടോ എന്നതിൽ വ്യക്തതയില്ല. മുമ്പ് ട്രംപ് ഇത്തരമൊരു സാധ്യത സൂചിപ്പിച്ചിട്ടുണ്ടെന്നതിനാൽ, പുതിയ നീക്കത്തിന്റെ ഏറ്റവും നിർണായകമായ ചോദ്യം ഇതുതന്നെയാണ്.
അതേസമയം, അമേരിക്കൻ ദൂതന്മാർ മോസ്കോയ്ക്കും കീവിനുമിടയിൽ സഞ്ചരിക്കുന്ന ഘട്ടത്തിൽ താൽക്കാലിക വെടിനിർത്തലിന് യുക്രൈൻ സന്നദ്ധത പ്രകടിപ്പിച്ചു. ചർച്ചകൾ നടക്കുന്ന കാലയളവിൽ യുക്രൈൻ വ്യോമാക്രമണം നടത്തില്ലെന്നും റഷ്യയും സമാനമായി വ്യോമാക്രമണം നിർത്തണമെന്നും പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. ചർച്ചകൾക്ക് കുറഞ്ഞത് ഒരു സുരക്ഷിത അന്തരീക്ഷമെങ്കിലും ഒരുക്കാനുള്ള ശ്രമമായാണ് ഈ നിർദേശത്തെ കാണുന്നത്.
എന്നാൽ സമാധാനശ്രമങ്ങൾക്കൊപ്പം യുദ്ധഭൂമിയിലെ സംഘർഷവും തുടരുകയാണ്. റഷ്യൻ ഡ്രോൺ കീവിലെ യുക്രൈൻ സുരക്ഷാ വിഭാഗമായ എസ്ബിയുവിന്റെ ആസ്ഥാനത്ത് പതിച്ചതായി സെലെൻസ്കി ആരോപിച്ചു. റഷ്യ തങ്ങളുടെ സുരക്ഷാ മേധാവിയുടെ ഓഫീസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇതിന് ശക്തമായ തിരിച്ചടി നൽകാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. യുക്രൈൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ സംഭവത്തെ 'വലിയ പ്രകോപനം' എന്നാണ് വിശേഷിപ്പിച്ചത്.
ഇത്തരം ആക്രമണങ്ങൾക്കിടയിലാണ് സമാധാന ചർച്ചകൾക്ക് വാഷിങ്ടൺ പുതിയ ഊർജം നൽകുന്നത്. അതുകൊണ്ടുതന്നെ ട്രംപിന്റെ നീക്കം വെറും നയതന്ത്ര സന്ദർശനമല്ല; യുദ്ധത്തിന്റെ ഭാവി നിർണയിക്കുന്ന രാഷ്ട്രീയ ധാരണയിലേക്ക് റഷ്യയെയും യുക്രൈനെയും ഒരേ മേശയിലെത്തിക്കാനുള്ള സമ്മർദതന്ത്രം കൂടിയാണ്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നാറ്റോ രാജ്യങ്ങളെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന തന്റെ നിലപാടും ട്രംപ് ആവർത്തിച്ചു. എന്നാൽ യൂറോപ്യൻ രാജ്യങ്ങൾ റഷ്യയുടെ സൈനിക നീക്കങ്ങളെ കൂടുതൽ ഭീഷണിയായി കാണുന്ന സാഹചര്യത്തിൽ ഈ വിലയിരുത്തലും വാഷിങ്ടണും യൂറോപ്പും തമ്മിലുള്ള സമീപനവ്യത്യാസം വ്യക്തമാക്കുന്നു.
ഇനി നിർണായകം അമേരിക്ക മുന്നോട്ടുവയ്ക്കുന്ന സമാധാന നിർദേശത്തിന്റെ ഉള്ളടക്കമാണ്. പ്രദേശങ്ങളുടെ നിയന്ത്രണം, സുരക്ഷാ ഉറപ്പുകൾ, യുക്രൈന്റെ ഭാവിയിലെ നേറ്റോ ബന്ധം, റഷ്യയുടെ സുരക്ഷാ ആവശ്യങ്ങൾ എന്നിവയിൽ എങ്ങനെ ധാരണയിലെത്തും എന്നതിനെ ആശ്രയിച്ചായിരിക്കും ചർച്ചകളുടെ വിജയം.
ട്രംപിന്റെ ദൂതന്മാർ മോസ്കോയിലും കീവിലും എത്തുമ്പോൾ, താൽക്കാലിക വെടിനിർത്തൽ യഥാർഥ സമാധാന ചർച്ചയിലേക്ക് മാറുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. നാല് വർഷത്തെ യുദ്ധത്തിന് ശേഷം ആദ്യമായി ഒരു രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള സാധ്യത വീണ്ടും ചർച്ചയുടെ കേന്ദ്രത്തിലെത്തിയെങ്കിലും, യുദ്ധഭൂമിയിലെ യാഥാർഥ്യങ്ങളും റഷ്യയും യുക്രൈനും തമ്മിലുള്ള അവിശ്വാസവും മറികടക്കുക തന്നെയാകും ഏറ്റവും വലിയ വെല്ലുവിളി.
റഷ്യ-യുക്രൈൻ യുദ്ധത്തിന് സമാധാനവഴി തുറക്കുമോ? 'പീസ് പ്ലാനുമായി' ട്രംപിന്റെ ദൂതന്മാർ മോസ്കോയിലും കീവിലും
