കീവ്: ബുധനാഴ്ച പുലര്‍ച്ചെ കീവിലും സമീപ പ്രദേശങ്ങളിലും നടന്ന റഷ്യന്‍ മിസൈല്‍ഡ്രോണ്‍ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും രണ്ട് കുട്ടികളുള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുക്രെയ്ന്‍ മുഴുവന്‍ വൈദ്യുതി മുടക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യ നാശവും സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.
കീവിലുണ്ടായ സ്‌ഫോടനങ്ങളില്‍ നഗരത്തില്‍ പുകമേഘം മൂടി. വൈദ്യുതി നിലയങ്ങള്‍ ലക്ഷ്യമിട്ട ആക്രമണത്തെ തുടര്‍ന്ന് അനേകം പ്രദേശങ്ങളില്‍ വൈദ്യുതിയും ചൂടും ലഭിക്കാതെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ബുദ്ധിമുട്ടിലായി. യുക്രൈനില്‍ ശക്തമായ തണുപ്പാണ് കാലാവസ്ഥ.
അതിനിടെ യുക്രെയ്‌നിന്റെ 33 ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. തങ്ങള്‍ക്ക് ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സൈനിക സംഘര്‍ഷം ശക്തമായത്.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ നിശ്ചയിച്ചിരുന്ന ഉച്ചകോടി റദ്ദാക്കിയിരുന്നു. ഫലമില്ലാത്ത കൂടിക്കാഴ്ചയാകും എന്ന കാരണമാണ് ട്രംപ് റദ്ദാക്കാന്‍ ചൂണ്ടിക്കാട്ടിയത്.
യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖല റഷ്യയ്ക്ക് വിട്ടുകൊടുക്കണമെന്ന് ട്രംപ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഭൂപ്രദേശ അഖണ്ഡതയില്‍ വിട്ടുവീഴ്ചയില്ലെന്ന് കീവ് ഉറച്ച നിലപാടാണ് സ്വീകരിച്ചത്. യുക്രെയ്്ന്‍ പക്ഷത്താണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാട്.
2022 ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച റഷ്യന്‍ അധിനിവേശത്തിനുശേഷം യുക്രെയ്‌നില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും രാജ്യത്തിന്റെ ഏകദേശം അഞ്ചില്‍ ഒരു ഭാഗം ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സമാധാന ചര്‍ച്ചകളും അന്താരാഷ്ട്ര ഇടപെടലുകളും തുടരുന്നുവെങ്കിലും യുദ്ധത്തിന്റെ ഭീകരത സാധാരണ ജനങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.