ഇറക്കുമതി തീരുവ 15-16 ശതമാനമായി കുറച്ചേക്കും; ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ച ഫലം കാണുന്നു

ഇറക്കുമതി തീരുവ 15-16 ശതമാനമായി കുറച്ചേക്കും; ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ച ഫലം കാണുന്നു


ന്യൂഡല്‍ഹി: ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന വ്യാപാര കരാറിലേക്ക് ഇന്ത്യയും യുഎസും അടുക്കുകയാണെന്നും ഇന്ത്യന്‍ ഇറക്കുമതികള്‍ക്കുള്ള അമേരിക്കന്‍ തീരുവ 50 ശതമാനത്തില്‍ നിന്ന് 15 ശതമാനം മുതല്‍ 16 ശതമാനം വരെയായി  കുറച്ചേക്കുമെന്നും ഈ കാര്യത്തെക്കുറിച്ച് അറിയാവുന്ന മൂന്ന് പേരെ ഉദ്ധരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

ഊര്‍ജ്ജവും കൃഷിയും അടിസ്ഥാനമാക്കിയുള്ള കരാര്‍, ഇന്ത്യ റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ക്രമേണ കുറയ്ക്കാന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ചര്‍ച്ച പ്രധാനമായും വ്യാപാരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലുകള്‍ ഇന്ത്യ പരിമിതപ്പെടുത്തുമെന്ന് മോഡി ഉറപ്പുനല്‍കിയതായി പറഞ്ഞ ട്രംപ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയും തങ്ങളുടെ ചര്‍ച്ചയുടെ ഭാഗമായിരുന്നുവെന്ന് പറഞ്ഞു.

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിനെ തുടര്‍ന്നാണ് അമേരിക്ക ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം പിഴ ചുമത്തിയത്. ഏപ്രിലില്‍ പ്രഖ്യാപിച്ച 25 ശതമാനം താരിഫുകള്‍ക്ക് പുറമെ ആയിരുന്നു ഇത്. 

നിലവില്‍, ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ ഏകദേശം 34 ശതമാനം റഷ്യയാണ് വിതരണം ചെയ്യുന്നത് അതേസമയം രാജ്യത്തിന്റെ എണ്ണ, വാതക ആവശ്യകതയുടെ ഏകദേശം 10 ശതമാനം (മൂല്യം അനുസരിച്ച്) അമേരിക്കയില്‍ നിന്നുമാണ്.

ജനിതകമാറ്റം വരുത്താത്ത (ജിഎം അല്ലാത്ത) അമേരിക്കന്‍ ധാന്യത്തിനും സോയ് മീലിനും ഇന്ത്യ കൂടുതല്‍ വിപണികള്‍ തുറന്നുകൊടുത്തേക്കാം. കൂടാതെ, താരിഫുകളുടെ ആനുകാലിക അവലോകനങ്ങളും വിപണി പ്രവേശനവും അനുവദിക്കുന്ന ഒരു വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യമുന്നയിക്കുന്നുവെന്ന് മിന്റ് റിപ്പോര്‍ട്ട് അവകാശപ്പെട്ടു.

ഈ മാസം ഡോണള്‍ഡ് ട്രംപും നരേന്ദ്ര മോഡിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ആസിയാന്‍ ഉച്ചകോടിയില്‍ ഒരു ഉഭയകക്ഷി വ്യാപാര കരാറിന്റെ അന്തിമരൂപം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

15 ശതമാനം തീരുവ മാറ്റമില്ലാതെ നിലനിര്‍ത്തിക്കൊണ്ട് യുഎസില്‍ നിന്ന് ജനിതകമാറ്റം വരുത്തിയത് അല്ലാത്ത ചോളം ഇറക്കുമതി ചെയ്യുന്നതിനുള്ള ക്വാട്ട ഉയര്‍ത്താന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. നിലവിലെ പരിധി പ്രതിവര്‍ഷം 0.5 ദശലക്ഷം ടണ്‍ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിത്തീറ്റ, പാലുല്‍പ്പന്നങ്ങള്‍, എത്തനോള്‍ മേഖലകളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യം നിറവേറ്റാന്‍ ന്യൂഡല്‍ഹി കൂടുതല്‍ അമേരിക്കന്‍ ധാന്യം അനുവദിച്ചേക്കാം.

'മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും ഉപഭോഗത്തിനായി ജിഎം അല്ലാത്ത സോയ് മീല്‍ ഇറക്കുമതി അനുവദിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. എന്നാല്‍ യുഎസ് സംഘത്തിന്റെ ഒരു പ്രധാന ആവശ്യമായ ഉയര്‍ന്ന നിലവാരമുള്ള ചീസ് ഉള്‍പ്പെടെയുള്ള പാലുല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് കുറയ്ക്കല്‍ സംബന്ധിച്ച് ഇപ്പോഴും അന്തിമ വ്യക്തതയില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍, യുഎസില്‍ നിന്നുള്ള എത്തനോള്‍ ഇറക്കുമതി അനുവദിക്കുമ്പോള്‍ ഇന്ത്യ റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് ക്രമേണ കുറയ്ക്കും. ഊര്‍ജ്ജ വ്യാപാരത്തില്‍ വാഷിംഗ്ടണ്‍ ഇളവുകള്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന എണ്ണ കമ്പനികളെ യുഎസിലേക്കുള്ള ക്രൂഡ് സോഴ്‌സിംഗ് വൈവിധ്യവത്കരിക്കാന്‍ അനൗപചാരികമായി നയിച്ചേക്കാം.

റഷ്യ വാഗ്ദാനം ചെയ്യുന്ന കിഴിവുകളും യുഎസ് വാഗ്ദാനവും തമ്മില്‍ ഏറെ വ്യത്യാസം ഉണ്ടെങ്കിലും ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍ മോസ്‌കോയെ അറിയിച്ചിട്ടുണ്ട്. റഷ്യന്‍ എണ്ണ ഇറക്കുമതി നിയന്ത്രിക്കുന്നത് വ്യാപാര കരാറിനുള്ള ഒരു മുന്‍വ്യവസ്ഥയായി പ്രസിഡന്റ് ട്രംപ് നിബന്ധനവെച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.