ജെറുസലേം: ഗാസയെ പുനര്‍നിര്‍മിക്കാനും ഹമാസിനെ നിരായുധരാക്കാനുമുള്ള ദൗത്യം വളരെ കഠിനമാണെന്ന് യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഗാസയിലെ ജീവിതം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഹമാസ് ഇസ്രായേലിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് ഭീഷണിയാകാതിരിക്കാന്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും വാന്‍സ് ജെറുസലേമിലെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യുദ്ധാനന്തര ഘട്ടത്തെക്കുറിച്ചുള്ള ആശയങ്ങള്‍ ചര്‍ച്ച ചെയ്തതായി നെതന്യാഹു വ്യക്തമാക്കി. സിവില്‍ ഭരണവും സുരക്ഷയും എങ്ങനെ ഉറപ്പാക്കാം, ആര്‍ക്കാണ് അത് കൈകാര്യം ചെയ്യാന്‍ കഴിയുക എന്നീ വിഷയങ്ങളില്‍ പുതിയ കാഴ്ചപ്പാട് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. അത് എളുപ്പമാകില്ലെങ്കിലും അത് സാധ്യമാണ് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഗാസയിലെ യുദ്ധം അവസാനിപ്പിച്ചത് നിലനില്‍ക്കുമെന്ന പ്രതീക്ഷ വാന്‍സ് കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു.
ഹമാസ് വീണ്ടും ശക്തിപ്രാപിക്കാനുള്ള ശ്രമത്തിലാണെന്ന ആശങ്കകള്‍ ഇസ്രായേല്‍ പങ്കുവെച്ചെങ്കിലും ഹമാസിനെ ആയുധരഹിതമാക്കാനുള്ള അവസാന തിയ്യതി നിശ്ചയിക്കാനില്ലെന്ന് വാന്‍സ് വ്യക്തമാക്കിയിരുന്നു.