ട്രംപിന്റെ യുദ്ധരേഖയില്‍ സമാധാന ചര്‍ച്ചാ നിര്‍ദ്ദേശത്തിന് സെലെന്‍സ്‌കിയുടെ പിന്തുണ

ട്രംപിന്റെ യുദ്ധരേഖയില്‍ സമാധാന ചര്‍ച്ചാ നിര്‍ദ്ദേശത്തിന് സെലെന്‍സ്‌കിയുടെ പിന്തുണ


ഓസ്ലോ: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച യുദ്ധരേഖയെ അടിസ്ഥാനമാക്കി റഷ്യയുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള നിര്‍ദ്ദേശത്തെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പിന്തുണച്ചു. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഈ പ്രമേയത്തെ പിന്തുണ നല്‍കുമോ എന്നതില്‍ തനിക്ക് സംശയമുണ്ടെന്ന് സെലെന്‍സ്‌കി ഓസ്ലോയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അലാസ്‌കയില്‍ നടന്ന ട്രംപ്- പുടിന്‍ ഉച്ചകോടിക്ക് ശേഷം യുക്രെയ്്‌ന# സമാധാന ചര്‍ച്ചകള്‍ നിലച്ച നിലയിലാണ്. ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് പിന്നാലെ യുക്രെയ്നില്‍ സമാധാനം ഉറപ്പാക്കാന്‍ ട്രംപ് ഇടപെടണമെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു.

നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗാര്‍ സ്റ്റോറെയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ സെലെന്‍സ്‌കി സ്വീഡന്‍, ബ്രസ്സല്‍സ്, ലണ്ടന്‍ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യും. റഷ്യയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടെ കീവിന് യൂറോപ്യന്‍ പിന്തുണ ഉറപ്പാക്കുക എന്നതാണ് ഈ പര്യടനത്തിന്റെ ലക്ഷ്യം.

പുടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റില്‍ കൂടിക്കാഴ്ച നടത്തുമെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്രോവും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന് ശേഷം കൂടിക്കാഴ്ച റദ്ദാക്കുകയായിരുന്നു. ഇരുപക്ഷവും സംഭാഷണം നടത്തിയതിനാല്‍ കൂടിക്കാഴ്ച ഇനി ആവശ്യമില്ലെന്നും ഫലപ്രാപ്തി പ്രതീക്ഷിക്കുന്നില്ലെന്നുമാണ് വൈറ്റ് ഹൗസ് അറിയിച്ചത്. 

വ്യര്‍ഥമായ കൂടിക്കാഴ്ച വേണ്ടെന്നാണ് താന്‍ കരുതുന്നതെന്നും സമയം പാഴാക്കാന്‍ തയ്യാറല്ലെന്നും എന്തുസംഭവിക്കുമെന്ന് കാണാമെന്നും ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു. നിശ്ചിത സമയപരിധി ആദ്യം നിശ്ചയിച്ചിരുന്നില്ലെന്നും അതിന് ഗൗരവമായ തയ്യാറെടുപ്പാണ് ആവശ്യമായതെന്നുമാണ് ചര്‍ച്ച റദ്ദാക്കിയതിന് പിന്നാലെ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കിയത്. 

ഹംഗറിയില്‍ ട്രംപും പുടിനും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ തനിക്കും ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടെന്ന് സെലെന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നു. 

കഴിഞ്ഞ ഓഗസ്റ്റിലാണ് യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ട്രംപും പുടിനും അലാസ്‌കയില്‍ ചര്‍ച്ചകള്‍ നടത്തിയത്. എന്നാല്‍ ആ ചര്‍ച്ചകള്‍ക്ക് ഫലങ്ങളുണ്ടായിരുന്നില്ല.