വാഷിംഗ്ടണ്‍: യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യാഴാഴ്ച ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഈ ആഴ്ചയില്‍ വാഷിങ്ടണില്‍ നിന്നുള്ള മൂന്നാമത്തെ ഉന്നതതല പ്രതിനിധിയുടെ ഇസ്രായേല്‍ സന്ദര്‍ശനമായിരിക്കും ഇത്.
വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരും ഇതിനകം ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പദ്ധതിയെ മുന്നോട്ടുകൊണ്ടുപോകാനായി ഇസ്രായേലില്‍ എത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ പകുതിക്കു ശേഷം സ്റ്റേറ്റ് സെക്രട്ടറി റൂബിയോയുടെ ഇസ്രായേലിലേക്കുള്ള മൂന്നാമത്തെ സന്ദര്‍ശനമാണിതെന്ന് സര്‍ക്കാര്‍ വക്താവ് ഷോഷ് ബെഡ്രോസിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഇസ്രായേലും അമേരിക്കയും തമ്മില്‍ ബന്ധം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച റൂബിയോ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കാണുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് തന്റെ ഇസ്രായേല്‍ യാത്രയുടെ രണ്ടാം ദിവസം നെതന്യാഹുവിനെ യെരൂശലേമിലാണ് കണ്ടത്. വാര്‍ത്താസമ്മേളനത്തില്‍ വാന്‍സ് ഗാസയിലെ ഹമാസിനെ നിരായുധരാക്കാനും ഗാസയെ പുനര്‍നിര്‍മ്മിക്കാനുമുള്ള കഠിന ദൗത്യമാണ് മുന്നിലുള്ളതാണെന്ന് മുന്നറിയിപ്പു നല്‍കി.