ആമസോണ്‍ ജോലിക്കാര്‍ക്കു പകരം യന്ത്രവത്ക്കരണത്തിന് ശ്രമം

ആമസോണ്‍ ജോലിക്കാര്‍ക്കു പകരം യന്ത്രവത്ക്കരണത്തിന് ശ്രമം


ന്യൂയോര്‍ക്ക്: ഓട്ടോമേഷന്‍ വികസന പദ്ധതികള്‍ക്ക് ആമസോണ്‍ ശ്രമം തുടങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. അമേരിക്കയിലെ പകുതിയിലധികം ജോലിക്കാരേയും ഒഴിവാക്കേണ്ട രീതിയിലാണ് ആമസോണിന്റെ നീക്കമെന്ന ആരോപണവും ഉയര്‍ന്നു. 

കമ്പനിയുടെ ആഭ്യന്തര രേഖകളും അഭിമുഖങ്ങളും പ്രകാരം ആമസോണിന്റെ റോബോട്ടിക്‌സ് വിഭാഗം പ്രവര്‍ത്തനങ്ങളും ഓട്ടോമേറ്റുചെയ്യാനുള്ള ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. 2027ഓടെ ഏകദേശം 1.6 ലക്ഷം പുതിയ തൊഴിലാളികളെ ആമസോണിന് നിയമിക്കേണ്ടി വരില്ലെന്നും 2025 മുതല്‍ 2027 വരെ ഏകദേശം 12.6 ബില്യണ്‍ ഡോളര്‍ വരെ ചെലവ് ലാഭിക്കാനുമാകും എന്ന് റിപ്പോര്‍ട്ട് പറയുന്നു.

2033ഓടെ ഉത്പന്ന വില്‍പ്പന ഇരട്ടിയാക്കാമെന്നും അതിനൊപ്പം തൊഴിലാളികളുടെ എണ്ണം വര്‍ധിക്കേണ്ടതില്ലെന്നും കമ്പനി ആഭ്യന്തര രേഖകള്‍ സൂചിപ്പിക്കുന്നു. അതോടൊപ്പം റോബോട്ട് പരിപാലനത്തിലും എഞ്ചിനീയറിംഗിലുമുള്ള പുതിയ സാങ്കേതിക ജോലികള്‍ സൃഷ്ടിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ 'റോബോട്ടുകള്‍', 'ഓട്ടോമേഷന്‍' എന്നീ വാക്കുകള്‍ക്ക് പകരം 'അഡ്വാന്‍സ്ഡ് ടെക്‌നോളജി', 'കോബോട്ട്' (കോളാബറേറ്റീവ് റോബോട്ട്) തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കാന്‍ കമ്പനി ശ്രമിക്കുന്നതായും ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ Eമസോണ്‍ തള്ളി. രേഖകള്‍ അപൂര്‍ണ്ണമാണെന്നും അത് കമ്പനിയുടെ മൊത്തത്തിലുള്ള നിയമനതന്ത്രത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും അമസോണ്‍ വക്താവ് കെല്ലി നാന്റല്‍ വിശദീകരിച്ചു. 

അടുത്ത അവധിക്കാലത്തിന് രണ്ടര ലക്ഷം തൊഴിലാളികളെ നിയമിക്കാന്‍ പദ്ധതിയുണ്ടെന്നും എന്നാല്‍ അതില്‍ എത്രപേര്‍ സ്ഥിരം തൊഴിലാളികളായിരിക്കും എന്നതിനെക്കുറിച്ച് കമ്പനി വ്യക്തമാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 മുതല്‍ അമേരിക്കയിലെ അമസോണിന്റെ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയും 12 ലക്ഷത്തില്‍ എത്തുകയും ചെയ്തു.