കൊല്‍ക്കത്ത- ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച; വാരാണസിയില്‍ അടിയന്തര ലാന്‍ഡിംഗ്

കൊല്‍ക്കത്ത- ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച; വാരാണസിയില്‍ അടിയന്തര ലാന്‍ഡിംഗ്


വാരാണസി: കൊല്‍ക്കത്തയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള ഇന്‍ഡിഗോ 6ഇ-6961 വിമാനം ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് വാരാണസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലെ 166 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരം അറിയിക്കുകയാിയരുന്നു. എ ടി സി അടിയന്തര ലാന്‍ഡിംഗിന് അനുമതി നല്‍കിയതോടെ വിമാനം വാരാണസിയില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് സാങ്കേതിക വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

ഇതിന് മുമ്പും സമാനമായ സംഭവമുണ്ടായിരുന്നു.  ശ്രീനഗറിലേക്കുള്ള മറ്റൊരു ഇന്‍ഡിഗോ വിമാനമായ 6ഇ-6962 ജമ്മു വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുമുമ്പ് ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് റണ്‍വേയില്‍ നിര്‍ത്തിയിടുകയായിരുന്നു.