അനധികൃത കുടിയേറ്റക്കാരാണോ? നാടുകടത്തണം കട്ടായമെന്ന് 40 ശതമാനം അമേരിക്കക്കാര്‍

അനധികൃത കുടിയേറ്റക്കാരാണോ? നാടുകടത്തണം കട്ടായമെന്ന് 40 ശതമാനം അമേരിക്കക്കാര്‍


ന്യൂയോര്‍ക്ക്: കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും അനധികൃത കുടിയേറ്റക്കാരാണെങ്കില്‍  നാടുകടത്തണം എന്നാണ് അമേരിക്കക്കാരില്‍ 40 ശതമാനം പേരുടേയും അഭിപ്രായമെന്ന് സര്‍വേ. 

ദി ഇക്കണോമിസ്റ്റും യൂഗോവ്ഉം സംയുക്തമായി നടത്തിയ സര്‍വേ പ്രകാരം 38 ശതമാനം പേര്‍ ചില നിബന്ധനകള്‍ പാലിക്കുന്നുവെങ്കില്‍ മാത്രമേ അവരെ അമേരിക്കയില്‍ തുടരാന്‍ അനുവദിക്കാവൂ എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 14 ശതമാനം പേര്‍ നിബന്ധനകളില്ലാതെ താമസിക്കാന്‍ അനുമതി നല്‍കണം എന്നാണ് പറഞ്ഞത്. 8 ശതമാനം പേര്‍ വിഷയത്തില്‍ വ്യക്തമായ അഭിപ്രായമില്ലെന്നും ന്യൂസ്മാക്സ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

സര്‍വേ ഫലങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അതിര്‍ത്തി നയങ്ങള്‍ക്കുള്ള കടുത്ത പിന്തുണയാണെന്ന് സൂചിപ്പിക്കുന്നു.

ട്രംപ് അനുകൂലികളില്‍ 67 ശതമാനം പേര്‍ കുറ്റചരിത്രം പരിഗണിക്കാതെ നാടുകടത്തലിനെ  പിന്തുണച്ചു. എന്നാല്‍ മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പിന്തുണക്കുന്നവരില്‍ 14 ശതമാനം പേര്‍ മാത്രമാണ് അതേ അഭിപ്രായം പങ്കുവെച്ചത്. സ്വതന്ത്ര വോട്ടര്‍മാരില്‍ 41 ശതമാനം പേര്‍ നാടുകടത്തലിനെയും 39 ശതമാനം പേര്‍ നിബന്ധനാപൂര്‍വ്വമായ താമസത്തേയും പിന്തുണച്ചു.

രാഷ്ട്രീയത്തിന് പുറമേ സാമ്പത്തികവും സര്‍വേയില്‍ വിഷയമായി. ഭൂരിപക്ഷം പേരും സാമ്പത്തിക നിരാശയാണ് പ്രകടിപ്പിച്ചത്. 15 ശതമാനം പേര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തങ്ങള്‍ സാമ്പത്തികമായി മെച്ചപ്പെട്ടതായി പറഞ്ഞത്. വിദേശനയവുമായി ബന്ധപ്പെട്ട് യുക്രെയിനിന് സാമ്പത്തിക സഹായം വര്‍ധിപ്പിക്കണമെന്ന് മൂന്നില്‍ ഒരുഭാഗം പേര്‍ മാത്രമാണ് ആവശ്യപ്പെട്ടത്. ഭൂരിഭാഗവും സഹായം കുറയ്ക്കുകയോ നിലവിലെ നിലയില്‍ തുടരുകയോ ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു.

ട്രംപ് അധികാരമേറ്റ ജനുവരി മുതല്‍ ഇതുവരെ 4.8 ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരെ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്തതായി യു എസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു.

വകുപ്പിന്റെ പ്രസ്താവന പ്രകാരം ജനുവരി 20ന് ശേഷം 20 ലക്ഷം അനധികൃത കുടിയേറ്റക്കാരാണ് അമേരിക്ക വിട്ടത്. അതില്‍ 16 ലക്ഷം പേര്‍ സ്വമേധയാ നാടുകടത്തപ്പെട്ടവരായിരുന്നുവെന്നും നാലു ലക്ഷം പേര്‍ ഔദ്യോഗിക നാടുകടത്തലിലൂടെയാണെന്നും രേഖപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം സംഭവിച്ചത് 250 ദിവസത്തിനുള്ളിലാണെന്നത് ശ്രദ്ധേയമാണ്.

അതേ സമയം ട്രംപ് തന്റെ ഭരണകൂടം കൈവരിച്ച 'റെക്കോര്‍ഡ് നിയമപ്രവര്‍ത്തന നേട്ടങ്ങള്‍' എടുത്തുകാണിച്ചു. എഫ്ബിഐ പുറത്തുവിട്ട പുതിയ കണക്കുകള്‍ ഉദ്ധരിച്ച് 'ജനുവരി 20ന് ശേഷം 28,000-ത്തിലധികം ഹിംസാത്മക കുറ്റവാളികളെ അറസ്റ്റ് ചെയ്തതായും 6,000 അനധികൃത ആയുധങ്ങള്‍ പിടിച്ചെടുത്തതായും 1,700 കുട്ടികളുടെ ലൈംഗിക അക്രമികളെയും 300 മനുഷ്യക്കടത്തുകാരെയും തെരുവുകളില്‍നിന്ന് നീക്കം ചെയ്തതായും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ എഴുതി.

അതോടൊപ്പം അയ്യായിരം കുട്ടികളെ രക്ഷപ്പെടുത്തിയതായും 1,900 കിലോഗ്രാം ഫെന്റനില്‍ പിടിച്ചെടുത്തതായും പറഞ്ഞ ട്രംപ് 12.5 കോടി ആളുകളെ കൊല്ലാന്‍ മതിയാവുന്ന അളവിലുള്ളതാണ് പിടിച്ചെടുത്ത ഫെന്റനിലെന്നും കൂട്ടിച്ചേര്‍ത്തു.