ഗാസയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റണമെന്ന ഐ സി ജെ വിധി ഇസ്രായേല്‍ തള്ളി

ഗാസയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റണമെന്ന ഐ സി ജെ വിധി ഇസ്രായേല്‍ തള്ളി


ജറുസലേം: ഗാസയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുകയും സഹായങ്ങള്‍ എളുപ്പമാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട അന്താരാഷ്ട്ര കോടതി (ഐസിജെ) വിധി ഇസ്രായേല്‍ തള്ളി. വിധിയെ രാഷ്ട്രീയ നീക്കം എന്നു വിശേഷിപ്പിച്ച ഇസ്രായേല്‍ തങ്ങളുടെ രാജ്യത്തിന് നേരെ രാഷ്ട്രീയ നടപടി അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ മറ്റൊരു ശ്രമമെന്ന് ആരോപിക്കുകയും ചെയ്തു. 

പാലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള ഐക്യരാഷ്ട്രസഭാ ഏജന്‍സി യു എന്‍ ആര്‍ ഡബ്ല്യു എ നല്‍കിയ സഹായങ്ങള്‍ ഗാസയില്‍ പ്രവേശിപ്പിക്കാനും ഇസ്രയേല്‍ ബാധ്യസ്ഥമാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി.

യു എന്നിന്റെയും ഏജന്‍സികളുടെയും ഉള്‍പ്പെടെ സഹായ പദ്ധതികള്‍ക്ക് അനുമതി നല്‍കുകയും അവയ്ക്ക് സൗകര്യം ഒരുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഇസ്രായേലിനാണെന്നും അധിനിവേശ ശക്തിയായ നിലയില്‍ ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കേണ്ടത് ഇസ്രായേലിന്റെ ബാധ്യതയാണെന്നും ഐ സി ജെ അധ്യക്ഷന്‍ യൂജി ഇവാസാവ പറഞ്ഞു. 

സിവിലിയന്‍ ജനങ്ങളെ പട്ടിണിയാക്കുന്നത് യുദ്ധരീതിയായി ഉപയോഗിക്കരുതെന്ന കാര്യം  ഇസ്രായേലിനെ കോടതി ഓര്‍മ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യു എന്‍ ആര്‍ ഡബ്ല്യു എയിലെ ചില അംഗങ്ങള്‍ ഹമാസിനൊപ്പം പ്രവര്‍ത്തിക്കുന്നുവെന്ന ഇസ്രായേലിന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

ഐ സി ജെ വിധിക്ക് പിന്നാലെ പാലസ്തീന്‍ സഹായത്തിന് മേലുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുതിയ പ്രമേയം യു എന്‍ ജനറല്‍ അസംബ്ലിയില്‍ നോര്‍വേ അവതരിപ്പിക്കുമെന്ന് നോര്‍വേ വിദേശകാര്യ മന്ത്രി എസ്‌പെന്‍ ബാര്‍ത്ത് ഐഡെ അറിയിച്ചു: 

അന്താരാഷ്ട്ര നിയമത്തിന്റെ ബാധ്യതകളില്‍ നിന്ന് ഒരുനാടും മുക്തമാകാന്‍ പാടില്ലെന്നും പാലസ്തീനികള്‍ക്കു മാത്രമല്ല, യുദ്ധാവസ്ഥയില്‍ കഴിയുന്ന എല്ലാ ജനങ്ങള്‍ക്കുമുള്ള അനിവാര്യതയാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഐ സി ജെയുടെ ഈ 'അഡൈ്വസറി ഒപീനിയന്‍' നിയമപരമായി ബാധകമല്ലെങ്കിലും അതിന് 'വലിയ നിയമപ്രാധാന്യവും നൈതിക അധികാരവുമുണ്ടെന്ന്' കോടതി വ്യക്തമാക്കി.