ബ്രസ്സല്‍സ്: മെഹുല്‍ ചോക്സിക്ക് തിരിച്ചടി. ഇന്ത്യയിലെ അറസ്റ്റ് വാറണ്ടുകള്‍ നടപ്പാക്കാന്‍ മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് കൈമാറാമെന്ന് ആന്റ്വര്‍പ് അപ്പീല്‍ കോടതി അനുമതി നല്‍കിയതായി ബെല്‍ജിയം അധികാരികള്‍ സ്ഥിരീകരിച്ചു. ഇതോടെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പ് കേസില്‍ ചോക്‌സിക്ക് ഇന്ത്യയില്‍ വിചാരണ നേരിടേണ്ടിവരും.
ഒക്ടോബര്‍ 17-നാണ് 'കാമര്‍ വാന്‍ ഇന്‍ബെഷുല്‍ഡിഗിംഗ്സ്റ്റെല്ലിംഗ്' (ചേംബര്‍ ഓഫ് അക്യുസേഷന്‍) വിധി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 29-ലെ വിധിക്കെതിരായി ചോക്സി നല്‍കിയ അപ്പീല്‍ തള്ളിയതാണ് കോടതി ഈ തീരുമാനമെടുത്തത്.
ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യത്തെ കോടതി ആറു ഘട്ടങ്ങളിലായി പരിശോധിച്ചു. ബെല്‍ജിയവും ഇന്ത്യയും തമ്മില്‍ സാധുവായ കരാര്‍ നിലവിലുണ്ടെന്നതും ചോക്സി വിദേശ പൗരനാണെന്നതും കുറ്റാരോപണങ്ങളിലെ ഭൂരിഭാഗവും 'ഡ്യുവല്‍ ക്രിമിനാലിറ്റി' (രണ്ടു രാജ്യങ്ങളുടെയും നിയമപ്രകാരം കുറ്റമായി കണക്കാക്കാവുന്നവ) മാനദണ്ഡം പാലിക്കുന്നതുമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
2018 മെയ് 23നും 2021 ജൂണ്‍ 15നും മുംബൈയിലെ പ്രത്യേക ജഡ്ജി പുറപ്പെടുവിച്ച അറസ്റ്റു വാറന്റുകളിലാണ് ചോക്സിയെ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖാ നിര്‍മ്മാണം, തട്ടിപ്പ് എന്നിവയുള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ക്ക് പ്രതിയാക്കുന്നത്. ഈ കുറ്റങ്ങള്‍ ബെല്‍ജിയത്തിലും ഒരുവര്‍ഷത്തില്‍ കൂടുതലുള്ള തടവുശിക്ഷയ്ക്ക് വിധേയമാണ്.
13,000 കോടി രൂപയ്ക്ക് മുകളിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ പ്രതിയായ ചോക്സി 2018 ജനുവരിയിലാണ് ഇന്ത്യ വിട്ട് ആന്റിഗ്വന്‍ പൗരത്വം നേടിയത്. 2021ല്‍ ആന്റിഗ്വയില്‍ നിന്നും അപ്രത്യക്ഷനായ അദ്ദേഹം പിന്നീട് ഡൊമിനിക്കയില്‍ പിടിയിലാവുകയായിരുന്നു.
ആന്റ്വര്‍പ് കോടതിയുടെ പുതിയ വിധിയോടെ ചോക്സിയെ നീതിയുടെ മുന്നില്‍ കൊണ്ടുവരാനുള്ള ഇന്ത്യയുടെ സി ബി ഐയുടെ ശ്രമങ്ങള്‍ക്ക് വേഗം ലഭിച്ചു. വിധിയ്ക്ക് എതിരായി 15 ദിവസത്തിനുള്ളില്‍ ബെല്‍ജിയത്തിന്റെ സുപ്രിം കോടതിയായ 'കോര്‍ട്ട് ഓഫ് കാസേഷന്‍' സമീപിക്കാനുള്ള അവകാശം ചോക്സിക്കുണ്ടെങ്കിലും ഇതുവരെ അത്തരം അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.