രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തി

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തി


പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തി. പമ്പയില്‍ നിന്നും പ്രത്യേക വാഹനത്തില്‍ ഉച്ചയ്ക്ക് 11.45ന് ശബരിമലയില്‍ എത്തിയ രാഷ്ട്രപതി പതിനെട്ട്പടി കയറി സന്നിധാനത്തെത്തി. രാഷ്ട്രപതിക്കൊപ്പം മരുമകന്‍ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, എഡിസി സൗരഭ് എസ് നായര്‍, പിഎസ്ഒ വിനയ് മാത്തൂര്‍  എന്നിവരും പതിനെട്ടാം പടി ചവിട്ടി.

സന്നിധാനത്ത് രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ പൂര്‍ണ കുംഭം നല്‍കി സ്വീകരിച്ചു. റവന്യു ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, ശബരിമല മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു. അയ്യപ്പനെയും ഉപദേവതകളെയും തൊഴുത രാഷ്ട്രപതി മാളികപ്പുറവും വാവരുസ്വാമി നടയും സന്ദര്‍ശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉപഹാരം മന്ത്രി വി എന്‍ വാസവന്‍ രാഷ്ട്രപതിക്ക് സമ്മാനിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ എ അജികുമാര്‍, പി ഡി സന്തോഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉച്ചയ്ക്ക് 12.15ന് പ്രത്യേക വാഹനത്തില്‍ രാഷ്ട്രപതി പമ്പയിലേക്ക് മടങ്ങി.

നേരത്തെ ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്താന്‍ പമ്പയില്‍ നിന്ന് ഇരുമുടിക്കെട്ടുനിറച്ചാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് പുറപ്പെട്ടത്. രാവിലെ 11 മണിയോടെ പ്രത്യേക വാഹനവ്യൂഹത്തില്‍ പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാ നദിയില്‍ കാല്‍ കഴുകിയതിന് ശേഷം ഗണപതി ക്ഷേത്രത്തിലെത്തി. ക്ഷേത്രം മേല്‍ശാന്തി വിഷ്ണുനമ്പൂതിരിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിക്കും സംഘത്തിനും കെട്ടുനിറച്ചു നല്‍കി. രാഷ്ട്രപതിക്ക് പുറമെ എഡിസി സൗരഭ് എസ് നായര്‍, പി എസ് ഒ വിനയ് മാത്തൂര്‍, രാഷ്ട്രപതിയുടെ മരുമകന്‍ ഗണേഷ് ചന്ദ്ര ഹേമ്പ്രാം എന്നിവരും പമ്പയില്‍ നിന്ന് കെട്ടുനിറച്ചു. തുടര്‍ന്ന് പ്രത്യേക വാഹന വ്യൂഹത്തിലാണ് സന്നിധാനത്തേക്ക് തിരിച്ചത്.

രാവിലെ 8.40ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആന്റോ ആന്റണി എം പി, കെ യു ജനീഷ് കുമാര്‍ എം എല്‍ എ, പ്രമോദ് നാരായണ്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.