ഇറാനില്‍ സൗജന്യ സ്റ്റാര്‍ലിങ്ക്; പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിനെതിരെ 'ഡിജിറ്റല്‍ ജാലകം' തുറന്ന് മസ്‌ക്

ഇറാനില്‍ സൗജന്യ സ്റ്റാര്‍ലിങ്ക്; പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിനെതിരെ 'ഡിജിറ്റല്‍ ജാലകം' തുറന്ന് മസ്‌ക്


ടെഹ്‌റാന്‍: സര്‍ക്കാരിനെതിരായ വന്‍ ജനകീയ പ്രതിഷേധങ്ങള്‍ രക്തച്ചൊരിച്ചിലോടെ അടിച്ചമര്‍ത്തുന്നതിനിടെ ഇറാനില്‍ എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം സൗജന്യമാക്കി. രാജ്യത്തുടനീളം ഇന്റര്‍നെറ്റ് ബന്ധം  പൂര്‍ണമായി വിച്ഛേദിച്ച ഭരണകൂട നടപടിക്കിടെയാണ് സ്റ്റാര്‍ലിങ്ക് അക്കൗണ്ടുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഒഴിവാക്കി സേവനം സജീവമാക്കിയതെന്ന് ഇറാനിലെ ഉപയോക്താക്കളുമായി ബന്ധമുള്ള സാങ്കേതിക വിദഗ്ധര്‍ വ്യക്തമാക്കി. പ്രവര്‍ത്തനരഹിതമായിരുന്ന പല സ്റ്റാര്‍ലിങ്ക് അക്കൗണ്ടുകളും ചൊവ്വാഴ്ച മുതല്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചതായാണ് വിവരം.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും എലോണ്‍ മസ്‌കും തമ്മില്‍ ഈ ആഴ്ച നടത്തിയ ഫോണ്‍സംഭാഷണത്തിന് പിന്നാലെയാണ് നടപടി. പ്രതിഷേധങ്ങള്‍ക്കിടെ വിവരങ്ങള്‍ പുറത്തേക്ക് എത്തുന്നത് തടയാന്‍ ഇറാന്‍ ഭരണകൂടം കനത്ത ഡിജിറ്റല്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യാവകാശ സംഘടനകളുടെ കണക്ക് പ്രകാരം ആയിരത്തിലേറെ പേര്‍ (രണ്ടായിരത്തിലേറെ എന്നും) കൊല്ലപ്പെട്ടിരിക്കാമെന്ന സംശയത്തിനിടയിലും ഇന്റര്‍നെറ്റ് അടച്ചുപൂട്ടല്‍ മൂലം യഥാര്‍ത്ഥ മരണസംഖ്യ വ്യക്തമാക്കാന്‍ കഴിയുന്നില്ല.

ഈ സാഹചര്യത്തില്‍ സ്റ്റാര്‍ലിങ്ക് പല പ്രദേശങ്ങളിലും പ്രതിഷേധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിന് പുറത്തെത്തിക്കുന്ന ഏക മാര്‍ഗമായി മാറിയിട്ടുണ്ട്. ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ആയിരക്കണക്കിന് ലോഓര്‍ബിറ്റ് ഉപഗ്രഹങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക്, യുക്രെയിന്‍ പോലുള്ള യുദ്ധഭൂമികളിലും അടച്ചുപൂട്ടപ്പെട്ട സമൂഹങ്ങളിലും അമേരിക്കയുടെ 'സോഫ്റ്റ് പവര്‍' ആയുധമായി ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇറാനില്‍ ഏകദേശം 50,000 സ്റ്റാര്‍ലിങ്ക് റിസീവറുകള്‍ നിലവിലുണ്ടെന്നാണ് കണക്കുകള്‍. ഇത് ഭരണകൂടത്തിന്റെ ക്രൂര നടപടികളിലേക്കുള്ള ഒരു ' ചെറിയ ജാലകം' മാത്രമാണെങ്കിലും, വ്യാപ്തി വര്‍ധിച്ചാല്‍ അതിക്രമങ്ങള്‍ക്ക് ഒരു തടയണയാകാമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

എന്നാല്‍ സൗജന്യ സേവനം ലഭിച്ചാലും രാജ്യത്തെ 9.2 കോടി ജനങ്ങളില്‍ വളരെ ചെറിയ വിഭാഗത്തിനേ ഇതിന്റെ പ്രയോജനം ലഭിക്കൂ. സ്റ്റാര്‍ലിങ്ക് സിഗ്‌നലുകള്‍ തടസ്സപ്പെടുത്താനും ജാമിംഗ് നടത്താനും ഇറാന്‍ ഭരണകൂടത്തിന് സാങ്കേതിക ശേഷിയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുക്രെയിനില്‍ റഷ്യ ഉപയോഗിച്ച 'സൈനിക നിലവാരത്തിലുള്ള' ജാമിംഗ് സംവിധാനങ്ങളോട് സാമ്യമുള്ള നടപടികളാണ് ഇറാനിലും നടപ്പാക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റാര്‍ലിങ്ക് ഉപയോഗം ഇറാനില്‍ നിയമവിരുദ്ധമാണെന്നും, ഉപകരണം കൈവശം വയ്ക്കുന്നത് വരെ മരണശിക്ഷക്ക് വഴിവെക്കുന്ന നിയമങ്ങള്‍ നിലവിലുണ്ടെന്നും പറയുന്നു.

ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് മറികടക്കാന്‍ സ്റ്റാര്‍ലിങ്കിനൊപ്പം വി.പി.എന്‍. പോലുള്ള ഉപകരണങ്ങള്‍ക്കും മുന്‍കാലങ്ങളില്‍ അമേരിക്കന്‍ സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നുവെങ്കിലും, അടുത്തിടെ ആ ധനസഹായങ്ങളില്‍ വലിയ കുറവ് വന്നിരുന്നു. ഇതോടെ ഇറാനിലെ ഡിജിറ്റല്‍ അവകാശ പ്രവര്‍ത്തകര്‍ കടുത്ത ആശങ്കയിലാണ്. അതേസമയം, ജീവന്‍ പണയപ്പെടുത്തി പോലും സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ തേടുന്നവരുടെ എണ്ണം യുദ്ധത്തിന് പിന്നാലെ വര്‍ധിച്ചതായാണ് സൂചന.

അടച്ചുപൂട്ടലിന്റെയും ഭീതിയുടെയും നടുവില്‍, സ്റ്റാര്‍ലിങ്കിലൂടെ ലഭിക്കുന്ന ഈ സൗജന്യ ഇന്റര്‍നെറ്റ് ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക് ലോകശ്രദ്ധ നേടിക്കൊടുക്കുന്ന ഒരു ചെറിയ വഴിയായി മാറുകയാണ്. ഭരണകൂടത്തിന്റെ ഇരുമ്പുമുഷ്ടിക്കെതിരെ വിവരങ്ങളുടെ വെളിച്ചം അണയാതെ തുടരാന്‍ ഇതിന് കഴിയുമോ എന്നതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.