സമുദ്രാതിര്‍ത്തിയില്‍ യുദ്ധ കപ്പലുകളും വിമാനങ്ങളുമായി ചൈനയുടെ പ്രകോപനം, പ്രതിരോധിക്കാന്‍ തായ് വാന്‍

സമുദ്രാതിര്‍ത്തിയില്‍ യുദ്ധ കപ്പലുകളും വിമാനങ്ങളുമായി ചൈനയുടെ പ്രകോപനം, പ്രതിരോധിക്കാന്‍ തായ് വാന്‍


തായ്പേയ് (തായ് വാന്‍) : തായ്വാന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം. ചൈനീസ് സൈനിക വിമാനങ്ങളും കപ്പലുകളും തായ്വാന്‍ സമുദ്രാതിര്‍ത്തിയില്‍ റോന്തുചുറ്റുകയാണ്. 53 ചൈനീസ് സൈനിക വിമാനങ്ങളും 11 നാവിക കപ്പലുകളും എട്ട് ഔദ്യോഗിക കപ്പലുകളും തായ്വാന് സമീപം ബുധനാഴ്ച (ഡിസംബര്‍ 11) രാവിലെ ആറ് മണി വരെ (പ്രാദേശിക സമയം) പ്രവര്‍ത്തനം നടത്തിയതായി മന്ത്രാലയം കണ്ടെത്തി. 53 സൈനിക വിമാനങ്ങളില്‍ 23 വിമാനങ്ങള്‍ തായ്വാന്‍ കടലിടുക്കിന്റെ വടക്ക്, തെക്കുപടിഞ്ഞാറ്, കിഴക്ക് വ്യോമാതിര്‍ത്തി കടന്ന് എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണില്‍ പ്രവേശിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ചൊവ്വാഴ്ച (ഡിസംബര്‍ 10) 10 ചൈനീസ് സൈനിക വിമാനങ്ങള്‍, ഏഴ് നാവിക കപ്പലുകള്‍, മൂന്ന് ഔദ്യോഗിക കപ്പലുകള്‍ എന്നിവ തായ്വാനില്‍ കണ്ടെത്തിയിരുന്നു. ചൈന സ്ഥിരമായ തായ്വാന് മുകളില്‍ അവകാശമുന്നയിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് തായ്വാന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്നും തായ്വാന്‍ അറിയിച്ചു.
തായ്വാനും ചൈനയും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ ഭാഗമാണ് നിലവിലെ സംഭവമെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് ചൈന ഒന്നേ ഉള്ളൂവെന്നും തായ്വാന്‍ ചൈനയുടെ അവിഭാജ്യ ഘടകമാണ് എന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് വ്യക്തമാക്കുകയുണ്ടായി. ചൈനയുമായി നയതന്ത്രബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ തായ്വാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതും അവരോട് ആശയവിനമിയം നടത്തുന്നതും ചൈന ശക്തമായി എതിര്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.
നയതന്ത്രപരവും സാമ്പത്തികവും സൈനികവുമായ ശക്തി ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തില്‍ തായ്വാനെ ഒറ്റപ്പെടുത്തി ചൈനയുടെ ഭാഗമാക്കി മാറ്റാന്‍ ചൈന നിരന്തരമായി ശ്രദ്ധിച്ചിരുന്നു. അതേസമയം, തായ്വാന്‍ അതിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ പോരാടുന്നു.