കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം എറണാകുളം സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. അന്തിമ വാദത്തിനായി കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. കേസിന്റെ സാക്ഷി വിസ്താരം ഒരു മാസം മുന്‍പ് പൂര്‍ത്തിയായിരുന്നു.
സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന്‍ വാദമാണ് ആദ്യത്തേത്. തുടര്‍ന്ന് പ്രതിഭാഗം മറുപടി നല്‍കും. നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പ്രസ്താവനയക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹര്‍ജി വിചാരണ കോടതിയില്‍ നല്‍കിയിട്ടുണ്ട്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പ് സാക്ഷിയാക്കുകയും ചെയ്തിരുന്നു.
2018 മാര്‍ച്ചില്‍ ആരംഭിച്ച കേസിന്റെ വിചാരണ നടപടികളാണ് അവസാനഘട്ടത്തിലേക്ക് എത്തുന്നത്. കേസിലെ സാക്ഷിവിസ്താരം ഒന്നര മാസം മുന്‍പ് പൂര്‍ത്തിയായിരുന്നു. കേസിന്റെ വിധി പ്രസ്താവത്തിനായി രണ്ടര മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.